Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ വ്യാപക വിമർശനം; പരാതി നൽകി സംഘടനകൾ

text_fields
bookmark_border
മത വിദ്വേഷ പ്രചാരണം: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ വ്യാപക വിമർശനം; പരാതി നൽകി സംഘടനകൾ
cancel
camera_alt

പ്ര​തി​ഷേ​ധ സം​ഗ​മം എം.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. സ​ജ​ൽ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊച്ചി: ഇൻസ്റ്റഗ്രാം പേജിലൂടെ വർഗീയ പരാമർശം നടത്തിയ ഉത്തരേന്ത്യൻ ഇൻഫ്ലുവർക്കെതിരെ വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം. സംഘടനകൾ പൊലീസിൽ പരാതി നൽകി. നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.എ. ഷുഹൈബ്, ജനറൽ സെക്രട്ടറി കെ.എൻ.നിയാസ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്. ഇന്ത്യയുടെ മതേതര പാരമ്പര്യവും കേരളത്തിന്റെ മതസൗഹാർദവും ബഹുസ്വരതയും തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഇൻസ്റ്റഗ്രാം ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന ഇൻഫ്ലുവൻസർമാർ സമൂഹത്തിൽ ഐക്യവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുപകരം, മതവിഭാഗങ്ങൾക്കിടയിൽ സംശയവും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. "ലിറ്റിചോക്കപ്പ്" എന്ന പേരിൽ പ്രചരിപ്പിച്ച വീഡിയോ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ മതസൗഹാർദത്തെ ബാധിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ്.

ഇന്ത്യയുടെ ചരിത്രപരമായ പൈതൃകവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. വ്യത്യസ്ത മതവിഭാഗങ്ങൾ പരസ്‌പര ബഹുമാനത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ, മതവിദ്വേഷം വളർത്താൻ ഇടയാക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുസമാധാനത്തിനും സാമൂഹിക ഐക്യത്തിനും ഭീഷണിയാകാൻ സാധ്യതയുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതോ വിദ്വേഷം പ്രചരിപ്പിക്കുന്നതോ ആയ പ്രവൃത്തികൾക്ക് നിയമപരമായ പരിരക്ഷ നൽകരുതെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരികാണാമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ. മുഹമ്മദ് അബീഷ്, അബുത്വാഹിർ, ജില്ലാ സെക്രട്ടറിമാരായ കെ.ബി. അബ്ദുൽ ലത്തീഫ്, സി.എ. റിയാസ് തുടങ്ങിയ ജില്ലാ ഭാരവാഹികളും ചേർന്നാണ് പരാതി നൽകിയത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഫ്രറ്റേണിറ്റി മൂവ്മെന്റ് ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തന്റെ വ്ളോഗിലൂടെ പ്രദേശത്തെയും ഒരു പ്രത്യേക സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലും പരാമർശങ്ങൾ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് എറണാകുളം ജില്ലാ കമ്മിറ്റിയംഗം ഫുആദ് പി.എസ്. ആണ് പരാതി നൽകിയത്. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുവാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും ലക്ഷ്യമിട്ടു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.

യൂത്ത് കോൺഗ്രസ്

ഫോർട്ട്കൊച്ചി: ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെയും പിന്താങ്ങിയ ദിയ കൃഷ്ണക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊച്ചി മണ്ഡലം കമ്മിറ്റി ഫോർട്ട് കൊച്ചി പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. ഫോർട്ട് കൊച്ചിയിൽ വന്ന് പ്രദേശത്തെ കുറിച്ച് ഒന്നുമറിയാതെ ഇവിടെ ഒരു പ്രത്യേക മതവിഭാഗമാണ് കൂടുതലുള്ളത്, ഇവിടെ വർഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന തരത്തിൽ വർഗീയ വിദ്വേഷ പരാമർശം നടത്തുകയായിരുന്നു ഇൻഫ്ലുവൻസർ എന്നാണ് പരാതി.

കേരളത്തിന്റെ കടൽ റാണിയും എല്ലാ മതവിഭാഗങ്ങളും ജാതിമത ഭേദമന്യേ ഒന്നിച്ച് ജീവിക്കുന്ന പൈതൃക നഗരവുമായ ഫോർട്ട് കൊച്ചിയെ കുറിച്ച് ഇത്തരത്തിൽ പറയുന്നത് ബി.ജെ.പിയുടെ വർഗീയ കലാപത്തിനുള്ള ഗൂഢശ്രമമാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് എം.എസ് ഷുഹൈബെ്, പി.എച്ച്.അനീഷ്, ബ്രയാൻ ആൻഡ്രൂസ് പോൾ, പ്രത്യുഷ്, നസീർ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Organizations File Police Complaints Against Vlogger for Communal Remarks in Fort Kochi
Next Story