അവധിദിനം വീട്ടിലെത്തി വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് 15 ദിവസം മാത്രം ശേഷിക്കേ കിട്ടിയ അവധി ദിനമായ ഞായറാഴ്ചയിൽ പ്രചാരണാഘോഷമൊരുക്കി വിവിധ സ്ഥാനാർഥികളും മുന്നണികളും. വീടുകയറിയുള്ള വോട്ടുതേടലായിരുന്നു എല്ലാവർക്കും ഇന്നലെ. അവധി ദിനമായതിനാൽ വോട്ടർമാരെല്ലാം വീട്ടിൽ തന്നെയുണ്ട് എന്നതിനാൽ എല്ലാവരോടും നേരിട്ടുതന്നെ വോട്ടു ചോദിക്കാമല്ലോ എന്ന ചിന്തയിലാണ് സ്ഥാനാർഥികൾ ഞായറാഴ്ചയാവാൻ കാത്തിരിക്കുന്നത്.
രാവിലെ വാർഡിലെ ചർച്ചുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന് പലരും തുടക്കമിട്ടത്. പ്രദേശത്തെ ധാരാളം വോട്ടർമാരെ ഒരുമിച്ചുകാണാൻ കിട്ടുന്ന അവസരം പലരും പാഴാക്കിയില്ല. അതുകഴിഞ്ഞ് വാർഡിലെ കല്യാണവീടുകളിലും മറ്റും വോട്ടു ചോദിച്ചെത്തിയവരുമുണ്ടായിരുന്നു. 100ലേറെ വീടുകളിലായി 500ഓളം പേരെ നേരിട്ടുകണ്ട് വോട്ടു ചോദിച്ച സ്ഥാനാർഥികളുണ്ട്.
ഞായറാഴ്ച പതിവിൽ നിന്ന് വ്യത്യസ്തമായി വെയിൽ കുറഞ്ഞത് സ്ഥാനാർഥികളുടെ പ്രചാരണ‘ച്ചൂടി’ന് ആശ്വാസമായി. വാർഡ് തലത്തിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവരും നേതൃത്വം ചുമതലപ്പെടുത്തിയവരുമെല്ലാം സ്ഥാനാർഥിക്കൊപ്പം ആവേശത്തോടെ വീടുതോറും കയറിയിറങ്ങിയപ്പോൾ വോട്ടർമാരും വോട്ടുറപ്പ് നൽകി.
യു.ഡി.എഫ് സ്ഥാനാർഥി മനു വീക്ഷണം റോഡിൽ വോട്ട് അഭ്യർഥിക്കുന്നു
മുമ്പ് പര്യടന ഭാഗമായി എത്തിയ വീടുകളിൽ വോട്ടർമാരില്ലാത്തതിനാൽ കാണാതെ നിരാശരായി മടങ്ങിയ ഇടങ്ങളുണ്ടായിരുന്നു. ഈ വീടുകൾ പ്രത്യേകം നോക്കി ഞായറാഴ്ച തന്നെ പോയി, തങ്ങൾ നേരത്തെ വന്ന കാര്യമുൾപ്പെടെ പറഞ്ഞാണ് പലരും വോട്ടുതേടുന്നത്. ഒന്നിലധികം തവണ വോട്ടറുടെ വീടിലെത്തുന്നതും നേരിട്ടുപറഞ്ഞ് വോട്ടുതേടുന്നതുമെല്ലാം വലിയ തോതിൽ സ്വാധീനിക്കപ്പെടുമെന്നതാണ് ഇതിനുകാരണം. സിറ്റിങ് കൗൺസിലർമാരും അതാത് തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്ന മുന്നണികളുടെ സ്ഥാനാർഥികളും നാട്ടിലെ വികസന കാഴ്ചകൾ അക്കമിട്ട് ഓരോ വീട്ടിലും വോട്ടർമാർക്കുമുന്നിൽ നിരത്തി.
എതിർപാർട്ടിയിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി രംഗത്തിറങ്ങിയ സ്ഥാനാർഥികളാവട്ടെ മേഖലയിലെ വികസന മുരടിപ്പിനെ കുറിച്ചും താൻ ജയിച്ചാൽ നടപ്പാക്കുന്ന മാറ്റങ്ങളെ കുറിച്ചും വിവരിക്കുകയായിരുന്നു. ഇതിനിടെ പരസ്പരം പോരടിക്കുന്ന സ്ഥാനാർഥികൾ വീടുകയറുന്നതിനിടെ നേരിട്ടു കണ്ടുമുട്ടിയ കാഴ്ചയും ചിലയിടത്തുണ്ടായി. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കൂടുതൽ പേരെ നേരിട്ടുകാണാനും വോട്ടുറപ്പിക്കാനും ആയിട്ടുണ്ടെന്ന് സ്ഥാനാർഥികൾ ചൂണ്ടിക്കാട്ടി.
ഇനി മുന്നിൽ രണ്ടുഞായർ
ഡിസംബർ ഒമ്പതിനാണ് എറണാകുളം ജില്ല ഉൾപ്പെടുന്ന ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ്. ഇത് ചൊവ്വാഴ്ചയാണ്. അതിനാൽ തന്നെ, വിധിദിനത്തിന് മുമ്പായി സ്ഥാനാർഥികൾക്കുമുന്നിൽ അവശേഷിക്കുന്നത് ഇനി രണ്ട് ഞായറാഴ്ചകൾ മാത്രമാണ്. അതിൽ തന്നെ, ഡിസംബർ ഏഴ് ആയ അവസാന ഞായറാഴ്ച കൊട്ടിക്കലാശത്തിന്റെ ദിവസം കൂടിയാണ്.
അന്ന് വീടുകയറിയുള്ള പ്രചാരണങ്ങൾക്കോ മറ്റോ അവസരം കിട്ടാനിടയില്ല. പ്രചാരണജാഥകളും റോഡ് ഷോകളും ബഹുജന കൺവെൻഷനുകളുമെല്ലാമായി തെരഞ്ഞെടുപ്പാഘോഷം ഉച്ചസ്ഥായിയിലെത്തുന്ന ദിനമാണത്.
കൺവെൻഷനുകളുടെ വൈകുന്നേരം
മിക്ക വാർഡുകളിലും പ്രചരണ കൺവെൻഷനുകളും ഞായറാഴ്ച ഒരുക്കിയിരുന്നു. വൈകീട്ട് അഞ്ചിനും ആറിനുമൊക്കെയാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. ചിലയിടങ്ങളിൽ രാവിലെ പത്തിന് നടത്തി. ഇതുകൂടാതെ കുടുംബയോഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രത്യേക യോഗങ്ങൾ എന്നിവയും നടത്തി.
പലയിടത്തും പാർട്ടിക്കാരും അല്ലാത്തവരുമായ നിരവധി പേർ കൺവെൻഷനുകളിൽ പങ്കെടുത്ത് സ്ഥാനാർഥിക്കുള്ള പിന്തുണ ഉറപ്പുവരുത്തി. സ്ഥാനാർഥികളെ കൂടാതെ ജില്ല, മണ്ഡല നേതാക്കളും എം.എൽ.എമാരും നിലവിലെ തദ്ദേശ സ്ഥാപന അധ്യക്ഷരുമെല്ലാം കൺവെൻഷനുകളിൽ പങ്കെടുത്ത് സ്ഥാനാർഥികൾക്കായി ശക്തമായ പ്രചരണം തന്നെയാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

