സ്നേഹിത 13-ാം വർഷത്തിലേക്ക്: കൈകാര്യം ചെയ്തത് 9620 കേസുകൾ; അഭയമേകിയത് 1208 പേർക്ക്
text_fieldsകൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിച്ച്, കൈപിടിച്ച് പിന്തുണ നൽകി സ്നേഹിത 13-ാം വർഷത്തിലേക്ക്. 2013 ഓഗസ്റ്റ് 23-ന് എറണാകുളം ജില്ലയിൽ ആരംഭിച്ച കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ഇതുവരെ 9620 കേസുകളാണ് കൈകാര്യം ചെയ്തത്.
1208 പേർക്ക് താൽക്കാലിക അഭയം നൽകുകയും ചെയ്തു. ഗാർഹികാതിക്രമം (2022), കുടുംബ പ്രശ്നങ്ങൾ (1123), മദ്യാസക്തി (529), സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ (260), കുട്ടികൾക്കെതിരായ അതിക്രമങ്ങൾ (295), കുട്ടികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ (331) എന്നിവയാണ് സ്നേഹിത ഇടപെട്ട പ്രധാന മേഖലകൾ. കൂടാതെ 6921 ടെലിഫോൺ കേസ്, 1893 കൗൺസിലിങ് സെഷനുകൾ എന്നിവയും നടത്തി.
പിന്തുണയുമായി വിളിപ്പുറത്ത്
സൗജന്യ താമസം, ഭക്ഷണം, ആവശ്യമെങ്കിൽ വസ്ത്രം, മാനസിക പിന്തുണ, കൗൺസലിങ്, നിയമ സംരക്ഷണം, ആരോഗ്യ പരിപാലനം, തൊഴിൽ പരിശീലനം എന്നിവയാണ് സ്നേഹിത നൽകുന്ന പ്രധാന സേവനങ്ങൾ. ദൂരയാത്രകളിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് രാത്രി താമസ സൗകര്യവും ഇവിടെയുണ്ട്.
കാക്കനാട് കലക്ടറേറ്റിന് സമീപം കുന്നുംപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹിതക്ക് പെരുമ്പാവൂരിൽ ഒരു സബ് സെന്ററും, ഡിവൈ.എസ്.പി/എ.സി.പി ഓഫിസുകളിൽ ഒമ്പത് എക്സ്റ്റൻഷൻ സെൻററുകളും 45 സ്കൂൾ എക്സ്റ്റൻഷൻ സെൻററുകളും തദ്ദേശഭരണ സ്ഥാപനങ്ങളിൽ ജെൻഡർ റിസോഴ്സ് സെൻററുകളുമുണ്ട്.
സേവനങ്ങൾ പരമാവധി സമൂഹത്തിലേക്ക്
പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സേവനങ്ങൾ പരമാവധി സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി വിവിധ കാമ്പയിനുകൾ സംഘടിപ്പിച്ച് വരികയാണ്. സ്നേഹിത അറ്റ് സ്കൂൾ പദ്ധതിയിലൂടെ 45 ഓളം സ്കൂളുകളിൽ മാസത്തിലൊരിക്കൽ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിപ്പിച്ച്, കൗൺസിലർമാരുടെ സേവനം ലഭ്യമല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് പ്രാഥമിക മാനസിക പിന്തുണ നൽകും.
സേഫ് ടച്ച് ക്യാമ്പയിൻ വഴി കുട്ടികളിൽ ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്കരണം നടത്തും. ഉച്ചഭാഷിണി 3.0 കാമ്പയിനിലൂടെ പ്രധാന കവലകളിൽ റെക്കോർഡഡ് അനൗൺസ്മെൻറുകളും ഫ്ലയർ വിതരണവും നടത്തും. സമൂഹത്തെ ബാധിക്കുന്ന മയക്കുമരുന്ന്, ലൈംഗിക അതിക്രമങ്ങൾ, മൊബൈൽ ഫോൺ ആസക്തി മുതലായ പ്രശ്നങ്ങൾക്കെതിരെ ഉത്തരവാദിത്വ രക്ഷാകർതൃത്വം കാമ്പയിൻ വഴിയും അവബോധം സൃഷ്ടിക്കും.
ഇതോടൊപ്പം, സ്നേഹിത ദീദി പദ്ധതിയിലൂടെ അന്തർ സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകുന്നതിനുള്ള ഇടപെടലുകളും സ്നേഹിത മുന്നോട്ടു കൊണ്ടുപോകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.