വ്യവസായ മേഖലയിലെ മലിനീകരണം; അണയില്ല, പ്രതിഷേധത്തീ....
text_fieldsഅമ്പലമുകൾ: വ്യവസായ മേഖലയിലെ മലിനീകരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമീപവാസികൾ. കഴിഞ്ഞ ദിവസം റിഫൈനറിയിലുണ്ടായ തീപിടിത്തമാണ് ഇത്തരം തീരുമാനത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാവിലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലും വൈകീട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലും കമ്പനി ഗേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കൂടാതെ ദുരിതം അനുഭവിക്കുന്ന വ്യവസായ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളും ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ്. അയ്യൻകുഴി, അടൂർക്കര, അമ്പലമുകൾ ഏറ്റിക്കര, കുഴിക്കാട്, മറ്റക്കുഴി, വെൺമണി തുടങ്ങിയ പ്രദേശത്തെ ജനങ്ങളാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. വരുംദിവസങ്ങളിൽ സംയുക്ത സമരത്തിനുള്ള തയാറെടുപ്പിലാണ് സമരസമിതി.
ദുരിത ജീവിതത്തിെന്റ നേർക്കാഴ്ച
ഉയർന്ന തോതിലുള്ള ശബ്ദമലിനീകരണവും അന്തരീക്ഷത്തിലെ പുക ഉൾപ്പെടെ വായുമലിനീകരണവും പുറമെ രാത്രിയായാൽ ശക്തമായ വെളിച്ചവും മൂലം വെൺമണി, മറ്റക്കുഴി ഉൾപ്പെടെ മേഖലകളിൽ വീടുകളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നേരത്തേ ഇവിടം സന്ദർശിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ അറിയിച്ചിരുന്നു. മലിനീകരണത്തെ തുടർന്ന് കിണർ വെള്ളംപോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ സങ്കടം. കമ്പനി ഗ്രീൻ ബെൽറ്റോ ബഫർ സോണോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
മലിനീകരണത്തെ തുടർന്ന് കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ്. ആശുപത്രിയിൽ ചെന്നാൽ പരിസരത്തുനിന്ന് മാറിത്താമസിക്കാനാണ് നിർദേശിക്കുന്നതെന്ന് സ്ത്രീകൾ ഉൾപ്പെടെ അന്ന് കലക്ടറോട് പറഞ്ഞു. വാടക കൊടുക്കാൻ കഴിയുന്നവർ പ്രദേശം വിട്ട് മാറിത്താമസിക്കുകയാണ്, അതിനുപോലും കഴിയാത്തവരാണ് ദുരിതംപേറി ഇവിടെ താമസിക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഐ.ആർ.ഇ.പി പ്രോജക്ട് വന്നതോടെയാണ് പ്രദേശത്ത് ഭൂമി ഏറ്റെടുക്കൽ പ്രശ്നം രൂക്ഷമായത്. കൂടാതെ പെട്രോകെമിക്കൽ പ്രോജക്ട് വന്നതോടെ പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും അനുഭവപെടാൻ തുങ്ങിയതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഗ്രീൻ ബെൽറ്റ് ഇല്ലാത്തതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നതുമായ വലിയ അപകട മുഖത്താണ് തങ്ങൾ താമസിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
ഇന്ന് പരിശോധന
ചൊവ്വാഴ്ച രാത്രി റിഫൈനറിയിലുണ്ടായ തീപിടിത്തവും തുടർന്ന് പ്രദേശത്ത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിൽ മലിനീകരണവും ഉണ്ടായ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തും. വീട് വിട്ടുപോയ അയ്യൻകുഴി നിവാസികളുടെ വീടുകൾ വാസയോഗ്യമാണോ എന്നാണ് റവന്യൂ, ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പ്രദേശവാസികളും ചേർന്നാണ് പരിശോധിക്കുക.
ബുധനാഴ്ച കലക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് പരിശോധന. ഇപ്പോൾ അയ്യൻകുഴി നിവാസികൾ ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ കമ്പനിയുടെ കീഴിലാണ് താമസം.
അയ്യൻകുഴി സമരത്തിന് നാലുപതിറ്റാണ്ടിന്റെ ചരിത്രം
കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങിക്കിടക്കുകയാണ് അയ്യൻകുഴിയിലെ 42 കുടുംബങ്ങൾ. അടൂർക്കരയിൽ 34 കുടുംബങ്ങൾ 45 ഏക്കറിലാണ് താമസിക്കുന്നത്. അമ്പലമുകൾ പ്രദേശത്ത് 25 കുടുംബങ്ങൾ 30 ഏക്കറിലാണ് താമസിക്കുന്നത്. ഏറ്റിക്കര പ്രദേശത്തെ നിരവധി കുടുംബങ്ങൾ 20 ഏക്കറിലാണുള്ളത്. ഇവരെല്ലാവരും തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.
അശാസ്ത്രീയ സ്ഥലമെടുപ്പിനും പരിസര മലിനീകരണത്തിനുമെതിരെ വെൺമണി, മറ്റക്കുഴി പ്രദേശത്തെ സമരസമിതി നൽകിയ പരാതിയെ തുടർന്ന് ജൂൺ 20ന് കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. 1984 മുതൽ അയ്യൻകുഴി നിവാസികൾ സമരത്തിലാണ്. ഇവിടെ രണ്ടും മൂന്നും സെന്റ് ഭൂമിയാണുള്ളത്.
തെക്കുപടിഞ്ഞാറ് ഭാഗം എച്ച്.ഒ.സിയും വടക്കുകിഴക്ക് ഭാഗം റിഫൈനറിയുടെയും രണ്ടാൾ പൊക്കത്തിലുള്ള മതിലുകളാണ്. അശാസ്ത്രീയമായ സ്ഥലമെടുപ്പുമൂലം പല തുരുത്തുകളായ പ്രദേശങ്ങളാണ് ഇതെല്ലാം. ഈ ഭാഗങ്ങളിലേക്ക് പൊതുഗതാഗതംപോലും ഇല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.