കടക്കെണിയിൽ നാട്; വട്ടമിട്ട് വട്ടിപ്പലിശക്കാർ
text_fieldsകൊച്ചി: മാറിയ സാഹചര്യങ്ങളിൽ ജീവിതച്ചെലവ് തള്ളിനീക്കാൻ പെടാപ്പാട്പെടുന്നതിനിടെ കൊള്ളപ്പലിശ വായ്പക്കാരുടെ കെണിയിൽ അകപ്പെടുകയാണ് മലയാളി. ഗ്രാമപ്രദേശങ്ങളിൽ സാധാരണക്കാരെ നോട്ടമിടുന്ന വട്ടിപ്പലിശക്കാർ മുതൽ നിരന്തരമുള്ള കോളുകളിലൂടെ വായ്പ വാഗ്ദാനം ചെയ്യുന്ന ഫിനാൻസ് സ്ഥാപനങ്ങൾവരെ നീളുന്നു കെണികൾ. നിയമവിരുദ്ധ പണമിടപാടുകളും ഭീഷണിയും സംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിന് ഓരോ വർഷവും ലഭിക്കുന്നത്.
നാണക്കേട് ഭയന്ന് പരാതിപ്പെടാൻ മടിക്കുന്നവരും അനവധി. ഓൺലൈൻ വായ്പയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾക്ക് പുറമെയാണ് വട്ടിപ്പലിശക്കാരുടെ ഭീഷണികൾ. നിയമവിരുദ്ധമായാണ് പലരുടെയും പ്രവർത്തനം. തോന്നുംപടിയാണ് പലിശനിരക്ക് തീരുമാനിക്കപ്പെടുന്നതെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പലിശ പണമിടപാടുകാരനായ മുൻ പൊലീസുകാരന്റെ ഭീഷണിയിൽ വീട്ടമ്മ പുഴയിൽ ചാടി മരിച്ചത് ഒടുവിലെ സംഭവമാണ്.
ഇരയാക്കപ്പെടുന്നത് സാധാരണക്കാർ
സാധാരണക്കാരുടെ ബാധ്യതകൾ ചൂഷണം ചെയ്താണ് പലിശസംഘങ്ങളുടെ പ്രവർത്തനം. സ്ത്രീകളെയാണ് ഇവർ പ്രധാനമായും ഉന്നംവെക്കുന്നത്. വീടുകളിലെത്തി വാഗ്ദാനങ്ങൾ നൽകി തുക അനുവദിക്കുന്ന ഇത്തരക്കാർ വൻപലിശയാണ് ഈടാക്കുന്നതെന്നത് പരസ്യമായ രഹസ്യം. ഏതെങ്കിലുംഘട്ടത്തിൽ പണം അടക്കുന്നതിൽ വീഴ്ചവന്നാൽ ഭീഷണിയും ആരംഭിക്കുന്നു.
നഗര-ഗ്രാമവ്യത്യാസമില്ലാതെ ചെറുകിട വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ, തൊഴിലാളികൾ തുടങ്ങിയവരെയും കേന്ദ്രീകരിച്ച് പലിശക്ക് പണം നൽകി കെണിയിലാക്കുന്നുണ്ട്. മുൻകൂറായി പലിശയെടുത്തശേഷം മാത്രം തുക കൈമാറുന്നവരും നിരവധി. ദിവസേന, ആഴ്ചയിൽ ഒന്ന്, മാസത്തിൽ ഒരിക്കൽ എന്നിങ്ങനെയാണ് തിരിച്ചടവിനുള്ള പണപ്പിരിവ്. ഗ്രാമങ്ങൾതോറും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാധാരണക്കാർക്ക് വായ്പ നൽകുന്ന സംഘങ്ങൾ വ്യാപകമാണ്. പലിശയും മുതലും കൃത്യമായി അടക്കുന്നവർക്ക് പൂർണമായി അടച്ചുതീരുന്നതിന് മുമ്പ് തന്നെ വീണ്ടും വാഗ്ദാനം നൽകി വായ്പ കൈമാറും.
ചുരുക്കത്തിൽ ഇവരുടെ കൊള്ളപ്പലിശക്കെണിയിൽനിന്ന് മോചനം അസാധ്യമാകുന്നുവെന്നതാണ് സ്ഥിതി. ഗത്യന്തരമില്ലാതെയാണ് പലരും വായ്പയെടുക്കാൻ നിർബന്ധിതരാകുന്നത്. ഇത്തരം വായ്പാസംഘങ്ങൾക്ക് പണം മടക്കിക്കൊടുക്കാൻ കഴിയാതെവരുന്നതോടെ കടമെടുത്ത സാധാരണക്കാർ കൊള്ളപ്പലിശക്ക് വട്ടിപ്പലിശക്കാരുടെ കൈയിൽനിന്ന് പണം വാങ്ങേണ്ടിവരുന്നതാണ് സ്ഥിതി.
പലിശസംഘങ്ങൾ വിലസുമ്പോഴും നടപടിയില്ല: കുടിശ്ശിക പിരിക്കാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ
നെടുമ്പാശ്ശേരി: വട്ടിപ്പലിശ സംഘങ്ങൾ സജീവമാകുമ്പോഴും നിരീക്ഷണമില്ലാതെ പൊലീസ്. എറണാകുളം റൂറൽ ജില്ലയിൽ സ്റ്റേഷനിൽ പരാതി നൽകിയാൽ പലതിലും പൊലീസിന്റെ ഇടപെലുണ്ടാകുന്നില്ല. ആലുവയിലെ ഒരുകടയിൽ അഞ്ചംഗസംഘം കഴിഞ്ഞദിവസം ഗൂഗിൾ പേ തട്ടിപ്പ് നടത്തിയിരുന്നു. സി.സി.ടി.വിദൃശ്യം അടക്കം പരാതിനൽകിയിട്ടും അന്വേഷിക്കാതെ തള്ളിയതിനെതിരെ കച്ചവടക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കയാണ്. കേസുകൾ ഒത്തുതീർപ്പാക്കുന്ന ചിലസംഘങ്ങൾ റൂറൽജില്ലയിൽ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.
സർവിസിൽനിന്ന് വിരമിച്ച പൊലീസുദ്യോഗസ്ഥർ വിവിധ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ ജീവനക്കാരായും ജോലി ചെയ്യുന്നുണ്ട്. വായ്പാകുടിശ്ശിക പിരിച്ചെടുക്കൽ ഉൾപ്പെടെ ജോലികളാണ് ഇവരെ ഏൽപിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഓപറേഷൻ കുബേര എന്ന പേരിൽ വട്ടിപ്പലിശക്കാർക്കെതിരെ നടപടി ശക്തമാക്കിയത്. സഹകരണ ബാങ്കുകളും മറ്റും വായ്പക്കുള്ള നടപടികൾ എളുപ്പമല്ലാതാക്കിയതോടെയാണ് ഈ സംഘങ്ങൾ വീണ്ടും ശക്തമായത്.
വട്ടിപ്പലിശ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കാൻ ഡി.ജി.പി സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, റൂറൽ ജില്ലയിൽ കാര്യമായ പരിശോധനകളൊന്നും നടന്നിരുന്നില്ല. മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകളെന്ന പേരിൽ വീടുകളിലെത്തി പണംനൽകി ആഴ്ചതോറും പണം പിരിക്കുന്ന സംഘങ്ങളും സജീവമാണ്. കുടുംബശ്രീ പോലെ സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി അവർക്കാണ് വായ്പ നൽകുന്നത്.
അന്വേഷിക്കാൻ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം
അനധികൃത വായ്പ ഇടപാടുകളിൽ അകപ്പെട്ടവരും പലിശക്കാരുടെ ഭീഷണിക്ക് വിധേയരാകേണ്ടിവരുന്നവരും ഭയപ്പെട്ട് വഴങ്ങേണ്ട ആവശ്യമില്ല. ഉടൻ പൊലീസിൽ പരാതിപ്പെടാം. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ അന്വേഷണം നടത്തുന്നതിനും സാങ്കേതിക വൈദഗ്ധ്യം നേടിയ അന്വേഷണഉദ്യോഗസ്ഥരുടെ വിങ്ങ് കേരള പൊലീസിലുണ്ട്.
ക്രൈംബ്രാഞ്ചിന് കീഴിലാണ് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പ്രവർത്തിക്കുന്നത്. ഐ.ജിയും നാല് എസ്.പിമാരും 11 ഡിവൈ.എസ്.പിമാരുമടങ്ങുന്ന 233 തസ്തികയാണ് സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണെങ്കിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.