പണം പിടിച്ചുപറിച്ചത് ചോദ്യംചെയ്തയാൾക്ക് കുത്തേറ്റു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: പണം പിടിച്ചുപറിച്ചത് ചോദ്യംചെയ്തയാളെ കുത്തിവീഴ്ത്തിയ രണ്ടുപേർ പിടിയിൽ. തൃശൂർ ചിറമ്മനങ്ങാട് സ്വദേശി ഷറഫുദ്ദീനാണ് കുത്തേറ്റത്. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി റോബിൻ ഭാസ്കർ (46), കലൂരിൽ താമസിക്കുന്ന നേപ്പാൾ സ്വദേശി ശ്യാം ബെൻ ബഹാദൂർ (43) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കലൂർ മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ഷറഫുദ്ദീനും പ്രതികളും നഗരത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നവരാണ്.
ഷറഫുദ്ദീനെ ശ്യാമും റോബിനും ചേർന്ന് പിടിച്ചുകൊണ്ടുപോയി കൈയിലുണ്ടായിരുന്ന 12,000 രൂപ തട്ടിയെടുത്തതാണ് അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം. നെഞ്ചിൽ കുത്തേറ്റ ഷറഫുദ്ദീൻ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണം ആരംഭിച്ച പാലാരിവട്ടം പൊലീസ് മണിക്കൂറുകൾക്കുള്ളിൽ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രതികളെ പിടികൂടി. സംഭവം നടക്കുമ്പോൾ മൂവരും മദ്യലഹരിയിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.