ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി
text_fieldsഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി ചളി പെരിയാറിലേക്ക് ഒഴുക്കുന്നു
കോതമംഗലം: പെരിയാർവാലി കനാൽ വെള്ളത്തിലെ കലക്കൽ മാറ്റാൻ ഭൂതത്താൻകെട്ട് ബരേജിന്റെ ഷട്ടറുകൾ തുറന്ന് ചളി ഒഴുക്കൽ തുടങ്ങി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട് ബരേജിൽ അടിഞ്ഞ ചെളി പെരിയാർവാലി കനാലുകൾ തുറന്നപ്പോൾ കലക്കവെള്ളമായി ഒഴുകുന്നതിനു കാരണമായി.
കനാലുകളിലേക്ക് ചെളിവെള്ളമെത്തുന്നത് തടയുന്നതിന്റെ ഭാഗമായി ബാരേജിന്റെ അഞ്ച് ഷട്ടറുകൾ ആകെ രണ്ടര മീറ്റർ ഉയർത്തിയാണ് ബാരേജിലും പെരിയാറിന്റെ അടിത്തട്ടിലുമായി അടിഞ്ഞ ചെളി ഒഴുക്കുന്നത്. ഇതോടെ ഭൂതത്താൻകെട്ടിന് താഴേക്ക് പെരിയാറിൽ ഇപ്പോൾ ചെളിവെള്ളമാണ് ഒഴുകി എത്തുന്നത്.
ഇത് ശുദ്ധജല പദ്ധതികളെ പ്രതിസന്ധിയിലാക്കും. ഭൂതത്താൻകെട്ടിൽ ജലനിരപ്പ് കൂടുതൽ താഴ്ന്നാൽ കനാലുകളിൽ ജലവിതരണത്തെയും ബാധിക്കും. 34.85 മീറ്ററായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച വൈകീട്ട് 34.7 മീറ്ററിലേക്ക് താഴ്ന്നു. പെരിയാറിൽ ചെളി അടിഞ്ഞത് ഭൂതത്താൻകെട്ടിന് മുകളിലേക്കുള്ള ശുദ്ധജല പദ്ധതികളെയും കനാലിനെ ആശ്രയിച്ചുള്ള ജലപദ്ധതികളെയും ശുദ്ധജല സ്രോതസ്സുകളെയും ബാധിച്ചു. ഇതൊടെയാണ് പെരിയാറിലൂടെ തന്നെ ചെളി ഒഴുക്കിക്കളയാൻ അധികൃതർ തീരുമാനിച്ചത്.
ബാരേജിലെ വെള്ളം തെളിഞ്ഞുകിടക്കുന്നതിനാൽ ഒന്നോ രണ്ട് ദിവസം കൊണ്ട് ചെളി ഒഴുകിത്തീരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കൂടുതൽ ദിവസം ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കുന്നത് ജലവിതരണത്തെ ബാധിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.