വിദ്യാർഥികൾക്കിത് പുതുപാഠം; കഥയും കളിയുമായി ‘നളചരിതം’
text_fieldsനള-ദമയന്തി കഥയിലെ അരയന്നംപോലെ...
പത്താംക്ലാസ് പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചശേഷം നളനായി വേഷമിട്ട പാർവതി മേനോനും ഹംസമായി വേഷമിട്ട അധ്യാപിക പ്രീത ബാലകൃഷ്ണനും - ബൈജു കൊടുവള്ളി
കൊച്ചി: ഇന്നലെവരെ ക്ലാസിനുള്ളിൽ മലയാളത്തിലെ കഥയും കവിതയുമെല്ലാം പഠിപ്പിച്ചിരുന്ന പ്രീത മിസ് ചൊവ്വാഴ്ച നളചരിതം ആട്ടക്കഥയിലെ ഹംസമായി കഥകളിവേഷമിട്ട് മുന്നിലെത്തിയപ്പോൾ വിദ്യാർഥികൾക്ക് ചില്ലറയായിരുന്നില്ല കൗതുകം. ടീച്ചറും സുഹൃത്ത് പാർവതി മേനോനും ചേർന്ന് നളചരിതം ഒന്നാം ദിവസം ആടിത്തീർത്തപ്പോൾ വിദ്യാർഥികളുടെ മുഖത്തും അത്ഭുതരസം വിടർന്നു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ മലയാളം അധ്യാപികയും കഥകളി കലാകാരിയുമായ പ്രീത ബാലകൃഷ്ണനും പാർവതിയും ചേർന്ന് പത്താംക്ലാസിലെ പാഠഭാഗത്തിന്റെ കഥകളി അവതരണമാണ് നടത്തിയത്.
മലയാളത്തിലെ ‘സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ’ പാഠഭാഗത്തിൽ ആട്ടക്കഥയായി പഠിപ്പിച്ച രംഗത്തിനാണ് ഇരുവരും ചേർന്ന് ദൃശ്യാവിഷ്കാരം നൽകിയത്. തൃപ്പൂണിത്തുറ വനിത കഥകളി സംഘാംഗമായ പാർവതി മേനോൻ നളനായി അരങ്ങിലെത്തി. കലാമണ്ഡലം രാജേഷ് ബാബു, സദനം പ്രേമൻ (പാട്ട്), സദനം രജീഷ്(ചെണ്ട), ആർ.എൽ.വി ജിതിൻ(മദ്ദളം), എരൂർ മനോജ്(ചുട്ടി), എരൂർ മനോജ്, ആർ.എൽ.വി അനുരാജ്, എരൂർ സുതൻ(അണിയറ) തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അടുത്ത അധ്യയന വർഷം വിരമിക്കുന്ന അധ്യാപിക പ്രീത ഇത് നാലാം തവണയാണ് വിദ്യാർഥികൾക്കായി കഥകളി അവതരിപ്പിക്കുന്നത്.
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗമായ ഇവർക്ക് അധ്യാപക പരിശീലനത്തിനിടെ മറ്റു അധ്യാപകർക്കു മുന്നിലും വേഷമിടാതെ കഥകളി അവതരിപ്പിക്കാനായിട്ടുണ്ട്. തിരുവാതിര കലാകാരി കൂടിയായ പ്രീത ഏഴാം വയസ്സ് മുതൽ കഥകളി പഠിക്കുന്നുണ്ട്. കിടങ്ങൂർ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിൽ നിന്ന് കോട്ടക്കൽ അപ്പുനമ്പൂതിരിയിൽ നിന്നാണ് അഭ്യസിച്ചത്. വിദ്യാർഥികളെ ക്ലാസിൽ പഠിപ്പിച്ചതു തന്നെ കഥകളിയായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. പ്രധാനാധ്യാപിക സിസ്റ്റർ മനീഷ, അധ്യാപിക ജസ്ലി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.