അഴിയാക്കുരുക്ക്; കൊച്ചി നഗരത്തിലും സമീപമേഖലകളിലും ഗതാഗതക്കുരുക്ക് നാൾക്കുനാൾ രൂക്ഷമാകുന്നു
text_fieldsഎറണാകുളം ഗോശ്രീ ഒന്നാം പാലത്തിലെ ഗതാഗതക്കുരുക്ക് ഫോട്ടോ: രതീഷ് ഭാസ്കർ
കൊച്ചി: ‘പുലിവാൽ കല്യാണം’ സിനിമയിലെ ഹിറ്റായ ‘മ്മ്.. കൊച്ചിയെത്തീ’ ഡയലോഗില്ലേ? മുമ്പൊക്കെ കൊച്ചിയെത്തിയത് അറിയിക്കാൻ മാലിന്യവും ദുർഗന്ധവുമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത് ഗതാഗതക്കുരുക്കായി. കൊച്ചി നഗരത്തിൽ എവിടെ തിരിഞ്ഞാലും വാഹനക്കുരുക്കിന്റെ നീണ്ടനിര കാണാം. ഇതിന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലെന്നതാണ് യാഥാർഥ്യം. പ്രധാനപാതകളും മുക്കിനുമുക്കിന് ഇടറോഡുകളും ഉണ്ടെങ്കിലും കൊച്ചിയിൽ കുരുക്കൊഴിഞ്ഞ നേരമില്ല. എറണാകുളം ഗോശ്രീ ജങ്ഷൻ, ഇടപ്പള്ളി, കാക്കനാട്, പാലാരിവട്ടം, തമ്മനം, വൈറ്റില, മരട്, കുണ്ടന്നൂർ, കളമശ്ശേരി മേഖലകളിൽ പ്രത്യേകിച്ചും. മഴയും റോഡിലെ കുഴികളും വാഹനക്കുരുക്കിന്റെ തീവ്രത ഇരട്ടിയാക്കുന്നു.
കുരുക്കിന്റെ ഗോശ്രീ
കഴിഞ്ഞ കുറച്ചു ആഴ്ചകളായി കൊച്ചിയുടെ കുരുക്കിന്റെ ഭൂപടത്തിൽ ഇടംപിടിച്ചതാണ് വൈപ്പിൻ ദ്വീപിനെയും എറണാകുളം നഗരത്തെയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. ഒന്നാംപാലത്തിലെ അനവധിയായ കുഴികളാണ് കുരുക്കിന്റെ മൂലഹേതു. പാലത്തിലേക്ക് പ്രവേശിക്കുന്ന റൗണ്ടിന് സമീപത്തെ വീതിക്കുറവും വില്ലനാണ്. വൈപ്പിൻ മാത്രമല്ല, കണ്ടെയ്നർ റോഡ്, ചേരാനെല്ലൂർ, മുളവുകാട്, മൂലമ്പിള്ളി, പിഴല, കടമക്കുടി മേഖലകളിൽ നിന്നുള്ളവരെല്ലാം നിത്യേന നഗരത്തിലെത്താൻ ആശ്രയിക്കുന്ന ഈ റോഡും പാലവുമാണ് മണിക്കൂറുകളോളം കുരുക്കിലായി യാത്രക്കാരെ വലക്കുന്നത്.
ഒന്നുപെട്ടെന്ന് തീർക്കുമോ, മെട്രോ പണി
എറണാകുളം-കാക്കനാട് റൂട്ടിലെ കുരുക്കിന്റെ കഥ മെട്രോ നിർമാണം തീരുന്നതുവരെ പറയേണ്ടി വരും. ഒന്നുപെട്ടെന്ന് ഈ പണി തീർത്തുതരുമോ എന്നാണ് കാക്കനാട് ഭാഗത്തുനിന്ന് വാഹനങ്ങളിൽ വരുന്നവർക്കെല്ലാം ചോദിക്കാനുള്ളത്. പാലാരിവട്ടം മുതൽ തുടങ്ങുന്ന കുരുക്ക് സീപോർട്ട്-എയർപോർട്ട് റോഡിൽ ചിറ്റേത്തുകര വരെ നീളാറുണ്ട് പലപ്പോഴും. വാഴക്കാല, ചെമ്പുമുക്ക് ഭാഗങ്ങളിൽ റോഡിന് വീതികുറവാണ്. മധ്യഭാഗത്ത് പില്ലർ നിർമാണത്തിനായി ബാരിക്കേഡ് വെച്ചപ്പോൾ സ്വതവേ വീതികുറഞ്ഞ റോഡ് വീണ്ടും മെലിഞ്ഞു.
ഇതുമൂലം ശ്വാസംമുട്ടിയെന്ന പോലെയാണ് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത്. 20 മിനിറ്റ്കൊണ്ടെത്തേണ്ട ദൂരത്തിന് തിരക്കേറിയ സമയങ്ങളിൽ ഒരുമണിക്കൂർ വരെ വേണ്ടിവരുന്നു. മെട്രോ നിർമാണം ഇഴയാൻ തുടങ്ങിയതിനെ തുടർന്ന് സമാന്തര പാതകളായ പൈപ് ലൈൻ റോഡ്, ചക്കരപ്പറമ്പ്-പാലച്ചുവട്-തുതിയൂർ-സീപോർട്ട് റോഡ് എന്നിവിടങ്ങളിലേക്ക് കൂടുതൽ വാഹനങ്ങളെത്തുകയും ഈ റോഡുകളും വാഹനബാഹുല്യത്താൽ നിറയുകയും ചെയ്യുന്നു. നിലവിൽ മെട്രോ നിർമാണ പുരോഗതി 100 ദിവസം പിറകിലാണെന്ന് ദിവസങ്ങൾക്കുമുമ്പാണ് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ തുറന്നു സമ്മതിച്ചത്. ഇനിയും മാസങ്ങളോളം നാട്ടുകാർ കുരുക്ക് സഹിക്കേണ്ടിവരുമെന്ന് ചുരുക്കം.
കഠിനം ഇടപ്പള്ളി
ആലുവ, എറണാകുളം, പറവൂർ, വൈറ്റില മേഖലകളിൽ നിന്നെല്ലാം വാഹനങ്ങൾ സംഗമിക്കുന്ന ഇടപ്പള്ളിയിലെ കുരുക്ക് ഭീകരമാണ്. ഇടപ്പള്ളി ഭാഗത്ത് ബൈപാസിൽ നിർമാണപ്രവൃത്തി നടക്കുന്നതുമൂലം പാലാരിവട്ടം പാലം മുതൽ ഗതാഗതക്കുരുക്ക് പതിവുകാഴ്ചയാണ്. സിഗ്നൽ ജങ്ഷനിലെ നിർമാണവും കുരുക്കിനിടയാക്കുന്നു. ഇടപ്പള്ളി മുതൽ പറവൂർ റൂട്ടിലൂടെ പോയാലും കാഠിന്യം അറിയാനാവും. ഇടപ്പള്ളി റെയിൽവേ മേൽപാലത്തിലെ അസംഖ്യം കുഴികളാണ് ഈ ഭാഗത്തെ കുരുക്ക് രൂക്ഷമാക്കുന്നത്.
വൈറ്റിലയും തൃപ്പൂണിത്തുറയും തഥൈവ
കേരളത്തിൽതന്നെ ഏറ്റവുമധികം വാഹനങ്ങളെത്തുന്നതും അതിനാൽ എപ്പോഴും കുരുക്കിലകപ്പെടുന്നതുമായ സ്ഥലങ്ങളിലൊന്നാണ് വൈറ്റില. ഇവിടുത്തെ വാഹനബാഹുല്യത്തിനനുസരിച്ചുള്ള റോഡിന്റെ സൗകര്യം ഇല്ലെന്നതാണ് പ്രതിസന്ധി. കൊച്ചി നഗരത്തിൽനിന്ന് പാലാരിവട്ടം, തൃപ്പൂണിത്തുറ, ആലപ്പുഴ തുടങ്ങിയ പല മേഖലകളിൽനിന്നും വാഹനങ്ങളെത്തുന്ന വൈറ്റിലയിലെ കുരുക്ക് നിത്യസംഭവം. തൃപ്പൂണിത്തുറ നഗരത്തിന്റെ സ്ഥിതിയും സമാനമാണ്. വീതി വളരെ കുറവുള്ള റോഡിൽ കോട്ടയം, മൂവാറ്റുപുഴ മേഖലകളിലേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങാറാണ് പതിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.