ജില്ലയിൽ വിവിധ പാലങ്ങൾ അപകടാവസ്ഥയിൽ
text_fieldsകൊച്ചി: ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് നിർമിച്ച പല പാലങ്ങളും തകർച്ചയുടെ വക്കിൽ. അത്യന്തം അപകടാവസ്ഥയിലായ, ഗതാഗതം നിർത്തിവെക്കേണ്ട പാലങ്ങൾ പോലും ഇക്കൂട്ടത്തിലുണ്ട്. വിവിധ പൊതുമരാമത്ത് സെക്ഷനുകളിലായി 18 പാലങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്രയും അപകടാവസ്ഥയിലുള്ളതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയിലാണ് പൊതുമരാമത്ത് ബ്രിഡ്ജസ് സെക്ഷൻ തകർച്ച നേരിടുന്ന പാലങ്ങൾ അക്കമിട്ടു നിരത്തുന്നത്. ഇവയിൽ പലതിലും ബസ് സർവിസ് ഉൾപ്പെടെ ഗതാഗതം ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്നുമുണ്ട്.
എറണാകുളത്ത് അഞ്ച് പാലം
പൊതുമരാമത്ത് ബ്രിഡ്ജസ് സെക്ഷൻ എറണാകുളം അസി. എൻജിനീയറുടെ കാര്യാലയത്തിനു കീഴിലുള്ള അഞ്ച് പാലമാണ് അപകടാവസ്ഥയിലുള്ളത്. പൊതുമരാമത്ത് നടത്തിയ പരിശോധനയിൽ ഇവ അടിയന്തരമായി പൊ
ളിക്കണമെന്നും കണ്ടെത്തിയിട്ടുണ്ട്. പാലാരിവട്ടം-കുമാരപുരം റോഡിലെ അത്താണി പാലം, ചെല്ലാനം തീരദേശ റോഡിലെ കണ്ടക്കടവ് പാലം, ചേപ്പനം-ചാത്തമ്മ റോഡിലെ കലയത്തൊട്ടിൽ പാലം, മഞ്ചേരിക്കുഴി റോഡിലെ ഒറ്റിക്കാലി കൾവെർട്ട്, പാണ്ടിക്കുടി-ചെല്ലാനം റോഡിലെ പുത്തൻതോട് പാലം എന്നിവയാണ് അപകടാവസ്ഥയിലുള്ളത്. പുനർനിർമാണത്തിനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് പൊളിച്ചുനീക്കിയോ എന്ന ചോദ്യത്തിനുള്ള മറുപടി.
ഇതുകൂടാതെ തകരാറിലായ ചില പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുമുണ്ട്. ഹാർബർ പാലം, അരൂർ-ഇടക്കൊച്ചി പാലം, നോർത്ത് ആർ.ഒ.ബി, പുല്ലേപ്പടി ആർ.ഒ.ബി, ചിറ്റൂർ കോതാട് പാലം, മനക്കക്കടവ് പാലം, കണ്ണേങ്ങാട്ട് പാലം എന്നിവയാണ് ഇവ. ഇതിൽ ചിലതിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
മൂവാറ്റുപുഴയിലും അഞ്ച് പാലം
മൂവാറ്റുപുഴ സെക്ഷനു കീഴിലും അഞ്ച് പാലം അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണൂർ-ഐരാപുരം റോഡിലെ തട്ടുപാലം, പുല്ലുവഴി-പി.കെ.വി റോഡിലെ പോണേക്കാവ് പാലം, പെരുമ്പാവൂർ-റയോൺപുരം റോഡിലെ റയോൺപുരം പാലം, തൃക്കാരിയൂർ-ഓടക്കാലി റോഡിലെ തണ്ണിക്കോട്ട് പാലം, പെരുവംമൂഴി-പിറവം റോഡിലെ പടവെട്ടി പാലം എന്നിവയാണ് ഇവ. ഇതെല്ലാം അടിയന്തരമായി പൊളിച്ചു നീക്കണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
അപകടപാലങ്ങൾ നോർത്ത് പറവൂരിലും
നോർത്ത് പറവൂർ മേഖലയിലും അഞ്ച് അപകട പാലങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. മാട്ടുമ്മൽ തുരുത്ത് റോഡിലെ മാട്ടുമ്മൽ തുരുത്ത് പാലം, ബെൽബോ ജങ്ഷനിൽനിന്ന് വളപ്പ് ജങ്ഷനിലേക്കുള്ള റോഡിലെ ബെൽബോ ഒന്ന്, രണ്ട് പാലങ്ങൾ, വൈപ്പിൻ-പള്ളിപ്പുറം റോഡിലെ മാലിപ്പുറം പാലം, ഫയർസ്റ്റേഷൻ റോഡിലെ പഷ്ണിത്തോട് പാലം എന്നിവയാണ് തകർച്ചയുടെ വക്കിലുള്ളത്. എന്നാൽ, ഇതുവരെ ഇവ പൊളിച്ചു നീക്കിയിട്ടില്ല.
ആവശ്യമായ നടപടി നടന്നുകൊണ്ടിരിക്കുന്നുവെന്ന് സെക്ഷൻ കാര്യാലയം വ്യക്തമാക്കുന്നു. എന്നാൽ, കുര്യാപ്പിള്ളി പാലം, വൈപ്പിൻ-പള്ളിപ്പുറം റോഡിലെ ഞാറക്കൽ പാലം, അപ്പങ്ങാട് ഒന്നാം പാലം, അയ്യമ്പിള്ളി പാലം, വസ്തേരി പാലം, അപ്പങ്ങാട് രണ്ടാം പാലം, പറവൂർ-ചെറായി റോഡിലെ ചെറായി പാലം, പുത്തൻതോട്(പെരുമ്പടന്ന പാലം) എന്നിവ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ മൂന്നെണ്ണം
തൃപ്പൂണിത്തുറ കാര്യാലയത്തിനു കീഴിൽ മൂന്ന് പാലമാണ് അപകടാവസ്ഥയിലുള്ളത്. തൃപ്പൂണിത്തുറ, തൃക്കാക്കര നിയോജക മണ്ഡലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള തട്ടപ്പിള്ളി കാട്ടുപുഴക്കു കുറുകെയുള്ള ഇരുമ്പുപാലം, തുപ്പുംപടി-തലേക്കാട് റോഡിലുള്ള തുപ്പുംപടി ഇറിഗേഷൻ കനാൽ ബ്രിഡ്ജ്, എരുവേലി ഇറിഗേഷൻ കനാൽ ബ്രിഡ്ജ് എന്നിവയാണ് പുനർനിർമിക്കേണ്ടതായി കണ്ടെത്തിയിട്ടുള്ളത്.
ഇരുമ്പുപാലം പുനർനിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കുകയും നിലവിൽ സ്ഥലമേറ്റെടുക്കൽ നടപടി പുരോഗമിക്കുകയുമാണ്. മറ്റു രണ്ടു പാലങ്ങളുടെ മണ്ണുപരിശോധനക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.