കോടികൾ മറിയുന്ന ‘തിമിംഗല ഛർദി’
text_fieldsതിമിംഗലം
കൊച്ചി: നിയമവിരുദ്ധ വഴികൾ നിറഞ്ഞ കുപ്രസിദ്ധ വ്യാപാരമേഖലയിൽ തിമിംഗല ഛർദിയിലൂടെ (ആംബർഗ്രീസ്) മറിയുന്നത് കോടികൾ. ഇടപാടുകൾക്കെതിരെ സൈബർ മേഖലയിൽ അടക്കം അന്വേഷണ സംഘങ്ങൾ പിടിമുറുക്കിയതോടെ കുറ്റവാളികൾ വലക്കുള്ളിൽ വീഴുകയാണ്. അനധികൃതമായി വേഗത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായി കുറ്റവാളികൾ ഇത്തരം വസ്തുക്കളുടെ വിൽപനയെ കണക്കാക്കുകയാണ്.
പിടിക്കപ്പെട്ടാൽ അകത്താകുമെന്ന് ഉറപ്പുണ്ടെങ്കിലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കപ്പെടുന്നുവെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇതിന് കാരണം അനധികൃത പണമിടപാടാണെന്നും അവർ വ്യക്തമാക്കുന്നു. രണ്ടാഴ്ചക്കിടെ നാലരക്കോടിയുടെ തിമിംഗല ഛർദിയാണ് കൊച്ചിയിൽ പിടികൂടിയത്. രണ്ട് കേസുകളിലായി നാലുപേർ അറസ്റ്റിലാകുകയും ചെയ്തു. ഇതിനുമുമ്പും നിരവധിതവണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിമിംഗല ഛർദി പിടികൂടിയിട്ടുണ്ട്.
കച്ചവടത്തിന് സമൂഹമാധ്യമങ്ങൾ
സമൂഹമാധ്യമങ്ങളിലൂടെ ഗ്രൂപ്പുകളും മറ്റും നിർമിച്ച് തിമിംഗല ഛർദി വ്യാപാരം നടത്തുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഫേസ്ബുക്കാണ് ഇതിലെ പ്രധാന കേന്ദ്രം. ചിത്രവും ഫോണ്‍ നമ്പറും നല്കി ഇടപാടുകാരെ കണ്ടെത്തുകയാണ് പ്രതികളുടെ രീതി. നിലവിൽ പിടിയിലായവരും ഇതേ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇടപാടുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ മേഖലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസും രംഗത്തുണ്ട്. ഇടപാടുകാരെ കണ്ടെത്തുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിലും കർശന പരിശോധനകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്.
ധ്രുതഗതിയിൽ ഇടപെടൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാഴ്ചക്കിടെ മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ വൻ ഇടപാടുകൾ പൊളിച്ച് പ്രതികളെ പിടികൂടിയത്. മട്ടാഞ്ചേരിയിൽ ഒന്നേകാല്‍ കിലോയിലേറെ തൂക്കംവരുന്ന തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. ലക്ഷദ്വീപില്‍നിന്ന് വില്പനക്ക് എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ തിമിംഗല ഛർദിക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടി രൂപയോളം വിലവരും. പള്ളുരുത്തി പൊലീസ് രണ്ട് പ്രതികളിൽനിന്നായി പിടികൂടിയ 1.200 കിലോഗ്രാം ആംബർഗ്രീസിന് രണ്ടുകോടിയോളം രൂപ വരും. പൊലീസ് പിടികൂടുന്ന തിമിംഗല ഛർദി തുടർനടപടികൾക്കായി വനം വകുപ്പിന് കൈമാറും.
അകത്താകും, ഉറപ്പ്
വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശം സൂക്ഷിക്കലും വിൽപനയും നിരോധിച്ച വസ്തുവാണ് തിമിംഗല ഛർദി. ഇന്ത്യയില്‍ ആംബര്ഗ്രീസോ അതുള്‍പ്പെടുന്ന സുഗന്ധദ്രവ്യങ്ങളോ കൈവശം വെക്കുന്നത് കുറ്റകരമാണ്. ആംബര്‍ഗ്രീസിന്റെ പേരില്‍ തിമിംഗലങ്ങളെ വേട്ടയാടാറുണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങള്നിന്ന് ഇത് ഒരിക്കലും ലഭിക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
തിമിംഗല ഛർദി
സ്പേം തിമിംഗലത്തിന്റെ സ്രവമാണ് തിമിംഗല ഛർദി അഥവാ ആംബർഗ്രീസ് എന്നറിയപ്പെടുന്നത്. അവയുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. തിമിംഗലത്തിൽനിന്ന് ദ്രവമായി പുറത്തുവരുന്ന ഈ വസ്തു പിന്നീട് ഖരരൂപത്തിലായി മാറും. ഇതിലെ ഗന്ധമില്ലാത്ത ആൽക്കഹോളാണ് സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്നത്. അത്യപൂർവമായ ഈ വസ്തുവിന് കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിശേഷണങ്ങളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.