പട്ടാപ്പകൽ മോഷണം; എട്ട് പവനും ലാപ്ടോപ്പും നഷ്ടപ്പെട്ടു
text_fieldsകോതമംഗലം: നെല്ലിക്കുഴിയിൽ പകൽ വീട്ടിൽ കയറി മോഷണം. നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിന് സമീപം വേങ്ങത്താനം ഈസയുടെ വീട്ടിലാണ് വ്യാഴാഴ്ച്ച രാവിലെ ഒമ്പതിനും 12നും ഇടയിൽ മോഷണം നടന്നത്. എട്ട് പവൻ ആഭരണങ്ങളും ലാപ് ടോപ്പും നഷ്ടപ്പെട്ടു. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയാണ് വീട്.
താഴത്തെ നില കടമുറിയാണ്. മുകള്‍ നിലയില്‍ കയറി ചെല്ലുന്ന ഭാഗത്ത് ഗ്രില്ലുകൊണ്ടുള്ള ജനല്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും ലാപ് ടോപ്പുമാണ് മോഷ്ടിച്ചത്. അലമാര പൂട്ടിയിരുന്നെങ്കിലും താക്കോല്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. രണ്ട് ലാപ്ടോപ്പുകള് ഉണ്ടായിരുന്നതില്‍ പുതിയതാണ് കൊണ്ടുപോയത്.
ഈസ വ്യാപാരാവശ്യത്തിന് പുറത്തുപോയിരുന്നു. ഭാര്യ ഷാജിത പുതിയ വീട് പണിയുന്നിടത്തായിരുന്നു. രാവിലെ എട്ടരക്കാണ് ഷാജിത വീട്ടില്‍ നിന്നും പോയത്. ഉച്ചക്ക് പന്ത്രണ്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയില്‍ കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.