തെളിയിക്കപ്പെടാതെ മാർച്ചിലെ കൊലപാതകങ്ങൾ
text_fieldsകോതമംഗലം: തെളിയിക്കപ്പെടാത്ത കേസുകളിലേക്ക് ചേലാട് സാറാമ്മ കൊലപാതകവും. 2024 മാർച്ച് 25ന് നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ചേലാട് കള്ളാട്ടില്‍ ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് വീട്ടിനുള്ളില്‍ പട്ടാപ്പകലാണ് കൊല്ലപ്പെട്ടത്. കഴുത്തിനുൾപ്പെടെ വെട്ടേറ്റതായിരുന്നു സാറാമ്മയുടെ മരണ കാരണം. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു. മോഷണത്തിന് വേണ്ടിയുള്ളതാണ് കൊലപാതകം എന്നാണ് നിഗമനം. കൃത്യം നിര്‍വഹിച്ചത് ആരെന്നതിനെക്കുറിച്ച് സൂചനപോലും ലഭിക്കാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്. മാസങ്ങളോളം ലോക്കല്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതികളിലേക്ക് എത്താൻ അവര്‍ക്കും കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ചകള്‍ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്. ഒരു വര്‍ഷമായിട്ടും കൊലപാതകികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ കുടുംബാംഗങ്ങള്‍ക്ക് നിരാശയുണ്ട്.
അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് നേരത്തേതന്നെ ആവശ്യമുയര്‍ന്നിരുന്നു. അന്വേഷണം നീളുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മകന് എല്‍ദോസ് ഏലിയാസ് പറഞ്ഞു. സാറാമ്മയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യ അന്വേഷണം. പിന്നീട് പ്രദേശവാസികളായ മൂന്നുപേരില്‍ കേന്ദ്രീകരിച്ചു. ഇതില്‍ ഒരാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയെങ്കിലും മദ്യലഹരിയിൽ നടത്തിയ കുറ്റസമ്മതം കഴമ്പില്ലാത്തതാണെന്ന് തിരിച്ചറിയുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത് എട്ടുമാസത്തിനുള്ളില്‍ ക്രൈംബ്രാഞ്ചും പലരെയും ചോദ്യംചെയ്തെങ്കിലും പ്രതികളിലേക്ക് എത്താനായിട്ടില്ല. ഒരു വർഷം പൂർത്തിയാകുമ്പോൾ മേഖലയിൽ വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ട് വീട്ടമ്മമാരുടെ കൊലപാതകക്കേസുകളുടെ വഴിയെയാണ് ഇതെന്ന ആശങ്കയാണ് നാട്ടുകാരിൽ.
2009 മാർച്ച് 11ന് ചെറുവട്ടൂരിൽ അധ്യാപിക കരിപ്പാലാക്കുടി നിനി ബിജുവും 2021 മാർച്ച് ഏഴിന് അയിരൂർപാടത്ത് പാണ്ട്യാർപ്പിള്ളി ആമിന അബ്ദുൽഖാദറും കൊല്ലപ്പെട്ട കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. നിനി സമീപത്തെ തോട്ടിൽ കുളിക്കാൻ പോയപ്പോഴും ആമിന സമീപത്തെ പാടത്ത് പുല്ലു മുറിക്കാൻ പോയപ്പോഴുമാണ് കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഫലമുണ്ടാകാത്തതിനാൽ രണ്ട് കേസുകളും സി.ബി.ഐക്ക് വിടണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.