വെള്ളംനിറഞ്ഞ് പാറമട; ആശങ്കയിൽ നാട്ടുകാർ
text_fieldsഅപകടാവസ്ഥയിൽ നിലകൊള്ളുന്ന പാറമട
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ കക്കാട്ടൂർ പാറത്താഴം പ്രദേശത്ത് അനധികൃതമായി പാറ പൊട്ടിച്ച സ്ഥലത്ത് അപകടകരമായ രീതിയിൽ വെള്ളം ഉയർന്നു. സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി പാറ ഖനനം നടത്തിയ വലിയ കുഴിയിലാണ് മഴ കനത്തതോടെ വെള്ളം നിറഞ്ഞത്.
ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു. വെള്ളം അപകടകരമായി ഉയരാതിരിക്കാൻ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് റോഡിൽ നിന്ന് ഏകദേശം ഇരുപത്തഞ്ചടിയോളം താഴെ തീർത്ത തുരങ്കം സാമൂഹ്യവിരുദ്ധർ കോൺക്രീറ്റ്വെച്ച് അടച്ചതാണ് ഇപ്പോൾ ഈ അപകടാവസ്ഥക്ക് കാരണം. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന മൈലൂർ കാലാമ്പൂർ റോഡിനോട് ചേർന്നുള്ള പാറക്കുഴിയിലാണ് വെള്ളക്കെട്ട്.
വെളളക്കെട്ട് റോഡിന്റെ സുരക്ഷയ്ക്കും യാത്രക്കാർക്കും ഭീഷണിയാണ്. പഞ്ചായത്തിൽ സമീപവാസി പരാതി നൽകിയിട്ടുണ്ട്. തുടർ നടപടികൾക്കായി ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർക്ക് പരാതി അയച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.