ആവി പാറുന്ന ചായക്കൊപ്പം ആവേശം ചോരാതെ...
text_fieldsമൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിനടുത്തെ ടീ സ്റ്റാളിനുസമീപം തെരഞ്ഞെടുപ്പ് ചർച്ചയിൽ ഏർപ്പെട്ടവർ
മൂവാറ്റുപുഴ: സമയം രാവിലെ 6.30. പതിവുപോലെ ഒരോരുത്തർ എത്തി തുടങ്ങി. ഇതോടെ അജിയുടെ ടിസ്റ്റാളും സജീവമാകുകയാണ്. ഇലക്ഷൻ കാല മായതിനാൽ തെരഞ്ഞെടുപ്പു ചർച്ചയാണിവിടെ ചൂട് പിടിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പായാൽ ബഹുവിശേഷം. വാദപ്രതിവാദങ്ങളും തർക്കങ്ങളും ബഹളങ്ങളുമായി മണിക്കൂറുകൾ നീളുന്ന ചർച്ചക്കൊടുവിൽ എട്ടുമണിയാകുന്നതോടെ എല്ലാവരും സ്വന്തം ജീവിതത്തിരക്കുകളിലേക്ക് പിരിയും.
മാർക്കറ്റ്ബസ് സ്റ്റാൻഡിനുസമീപത്തെ അജിയുടെ ടീ സ്റ്റാളിനുമുന്നിൽ മുഴുവൻ ദിവസങ്ങളിലും ഈ സുഹൃദ് സംഘത്തെ കാണാം. വ്യാപാരികൾ മുതൽ ഇലക്ട്രീഷൻ വരെയുള്ള കൂട്ടായ്മയിലെ എല്ലാവരും രാഷ്ട്രീയപ്രബുദ്ധരാണ്. മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ചർച്ചക്ക് എരിവുകൂടിയിട്ടുണ്ട്. പ്രഖ്യാപനത്തിനുപിന്നാലെ 15ാം ഡിവിഷനിൽ സ്ഥാനാർഥിയെ മാറ്റിയതും ഒന്നിൽ കോൺഗ്രസ് കൗൺസിലർ സ്വതന്ത്രനായി മത്സരരംഗത്ത് എത്തിയതും ചർച്ചയായി. 15ൽ നേരത്തെ പ്രഖ്യാപിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി മാറിയത് നന്നായെന്ന അഭിപ്രായമാണ് ചർച്ചയിലെ താരങ്ങളായ ഇരുമുന്നണികളിലെയും അനുഭാവികൾ അഭിപ്രായപ്പെട്ടത്.
‘പുതിയ ആൾ തന്നെ മത്സരിക്കട്ടെ’- ചൂടുചായ ഊതി കുടിക്കുന്നതിനിടെ ചർച്ചക്ക് തുടക്കമിട്ടത് എൽ.ഡി.എഫ് അനുഭാവി ഷാജിയാണ്. സ്ഥാനാർഥി പട്ടിക കൂടി വന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട നഗരസഭ ഭരണം ഇത്തവണ എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നായിരുന്നു ഷാജിയുടെ വാദം. എന്നാൽ നഗരസഭയിൽ നടത്തിയ വികസനവും സർക്കാരിനെതിരായ ജനവികാരവും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് അനുഭാവി ഷുക്കൂറിന്റെ അഭിപ്രായം.
ഇടക്ക് എസ്.ഐ.ആറും സജീവ ചർച്ചയായി. എല്ലാവരും ഫോം പൂരിപ്പിച്ച് പെട്ടെന്ന് തന്നെ നൽകണമെന്ന ഉപദേശവുമായി പി.എസ്. ഷുക്കൂറും എത്തി. ഇലക്ഷൻ സമയത്ത് ഫോം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നും ഷുക്കൂർ തുടർന്നു. ചർച്ച മുറുകുകയാണ്.
പി.എം. അയ്യൂബും അമീറുമെല്ലാം സജീവമായി. ഇതിനിടെ ഒമ്പതാം വാർഡിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയും എത്തി. രാഷ്ട്രീയം വിട്ട് പിന്നെ ചർച്ച നാട്ടുകാര്യങ്ങളിലേക്ക് നീണ്ടു. അപ്പോഴേക്കും സമയം ഏഴര കഴിഞ്ഞു. തിരക്കുള്ളവർ പലരും പോകാനൊരുങ്ങി. ബാക്കി ചർച്ച നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

