തോപ്പുംപടിയിലെ അശാസ്ത്രീയ മീഡിയൻ നിർമാണം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് നാട്ടുകാർ
text_fieldsപ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി: തോപ്പുംപടി കവലയിൽ സൗന്ദര്യവത്കരണത്തിന്റെ പേരില്‍ പണികഴിപ്പിച്ച മീഡിയന് പൊതുജനങ്ങള്‍ക്ക് വിനയായി മാറുന്നു. തോപ്പുംപടി കവലയോട് ചേർന്ന് രണ്ട് വിദ്യാലയങ്ങളാണുള്ളത്. വിദ്യാലയങ്ങളിലേക്ക് വാഹനങ്ങളിൽ പോകുന്ന കുട്ടികൾ ഏറെസമയം ഗതാഗതക്കുരുക്കിൽപെട്ട് ദിനേന വലയുകയാണ്. ഇതിനുപുറമെ ഓണക്കാലം കൂടിയായതോടെ തോപ്പുംപടിയില്‍ രാവിലെയും വൈകീട്ടും സമയങ്ങളില്‍ ഉണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ ദുരിതം പേറുകയാണ്.
വീതി കുറഞ്ഞതും തിരക്കേറിയതുമായ തോപ്പുംപടിയില്‍ വലിയ വീതിയില്‍ മീഡിയന് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നേരത്തേതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതിഷേധം വകവെക്കാതെ അധികൃതര്‍ മുന്നോട്ട് പോയതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് നാട്ടുകാരും കച്ചവടക്കാരുമാണ്. വ്യാപാരസ്ഥാപനങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍പോലും കഴിയുന്നില്ല. ഒറ്റവരി മീഡിയന് നിര്‍മിക്കുകയായിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉടലെടുക്കില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഗതാഗതക്കുരുക്ക് മൂലം ആളുകള്‍ക്ക് ഏറെ സമയം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഗതാഗതക്കുരുക്ക് കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ തോപ്പുംപടിയെ ഉപേക്ഷിക്കുന്ന സാഹചര്യമാണ്. ചിലരുടെ ധിക്കാരപരമായ സമീപനംമൂലമാണ് ഇത്തരത്തില്‍ അശാസ്ത്രീയ മീഡിയന് നിര്‍മാണം നടന്നതെന്നും ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ വേണം പദ്ധതി നടപ്പാക്കേണ്ടിയിരുന്നതെന്നും സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുല്‍ജലീല്‍ പറഞ്ഞു.
കാറും ഇരുചക്രവാഹനങ്ങളും റോഡിലും കടകൾക്ക് മുന്നിലുമായി പാർക്ക് ചെയ്ത് മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോകുകയും വൈകീട്ട് തിരിച്ചുവന്ന് എടുക്കുന്ന രീതി നടക്കുന്നുണ്ടെന്നും ഇതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് പാർക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് തോപ്പുംപടിയിലെ വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും പരിഹാരമുണ്ടാക്കണമെന്നും തോപ്പുംപടി മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എ. ലത്തീഫ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.