പൊളിച്ചിടാൻമാത്രം പോരാ ഉത്സാഹം; റോഡ് അറ്റകുറ്റപ്പണി നിലച്ചതോടെ ബുദ്ധിമുട്ടിലായി ജനങ്ങൾ
text_fieldsമൂവാറ്റുപുഴയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ മുനിസിപ്പൽ കൗൺസിലർമാർ ഉപരോധിക്കുന്നു
മൂവാറ്റുപുഴ: നഗരത്തിലെ രണ്ട് പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വാട്ടർ അതോറിറ്റി പണമടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എൻജിനീയറെ ഉപരോധിച്ചു. നഗരത്തിലെ വള്ളക്കാലിൽ റോഡ്, ആരക്കുഴ റോഡ് എന്നിവയാണ് തകർന്നുകിടക്കുന്നത്. ഒരുവർഷം മുമ്പ് ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ഇരുറോഡും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ചിരുന്നു. പൊളിക്കുന്നതിന് നാലുമാസം മുമ്പാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികൾ പി.ഡബ്ല്യു.ഡി പൂർത്തീകരിച്ചത്.
ഈ സാഹചര്യത്തിൽ ജല അതോറിറ്റി 38 ലക്ഷം രൂപ മുൻകൂറായി പണം അടച്ചശേഷമാണ് റോഡ് പൊളിക്കുന്നതിനുള്ള അനുമതി പി.ഡബ്ല്യു.ഡി നൽകിയിരുന്നത്. എന്നാൽ, ജല അതോറിറ്റി സമയബന്ധിതമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിച്ചെങ്കിലും പി.ഡബ്ല്യു.ഡി പിന്നീട് ഈ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തിയില്ല. വാർഡ് കൗൺസിലർമാരായ ജിനു മടേയ്ക്കൽ, ജോസ് കുര്യാക്കോസ് എന്നിവർ നിരവധിതവണ പി.ഡബ്ല്യു.ഡി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ പണി ആരംഭിച്ചിട്ടില്ല. മാറാടി, ആരക്കുഴ പഞ്ചായത്തുകളിലേക്കുള്ള പ്രധാന വഴികളിലൊന്നാണിത്. പൊടിശല്യംകൊണ്ട് പരിസരവാസികൾ പൊറുതിമുട്ടുകയാണ്.
ഈ സാഹചര്യത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ജിനു മടേക്കനും ജോസ് കുര്യാക്കോസും വ്യാഴാഴ്ച പ്ലക്കാർഡുകളുമായി പി.ഡബ്ല്യു.ഡി എക്സി. എൻജിനീയറെ ഉപരോധിച്ചത്.
ഉടൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന എൻജിനീയറുടെ ഉറപ്പിനെത്തുടർന്നാണ് കൗൺസിലർമാർ പിരിഞ്ഞുപോയത്. രണ്ടാഴ്ചക്കുള്ളിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ലെങ്കിൽ വാർഡിലെ ജനങ്ങളെയും മറ്റ് കൗൺസിലർമാരെയും ഉൾപ്പെടുത്തി ശക്തമായ പ്രതിഷേധം നടത്തുമെന്ന് കൗൺസിലർമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.