ഓണം കേമമാക്കാൻ വിപണന മേളകൾ സജ്ജമായി
text_fieldsകളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ നടക്കുന്ന കുടുംബശ്രീ ഓണ വിപണനമേളയിൽനിന്ന് ഫോട്ടോ: രതീഷ് ഭാസ്കർ
ഓണായിട്ടോ ഓണം
കൊച്ചി: ഓണക്കാലത്ത് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഓണവിപണന മേളകൾ സജ്ജമായി. സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന സപ്ലൈകോ, സഹകരണ-കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ മുതൽ വിലക്കുറവിൽ തുണിത്തരങ്ങൾ ലഭ്യമാകുന്ന ഖാദി ബോർഡിന്റെ ഓണംമേള തുടങ്ങിയവയും ജില്ലയിൽ ജനശ്രദ്ധ നേടുന്നു.
ഓണക്കാലത്ത് പൊതുവിപണിയിൽ ഉണ്ടാവുന്ന വിലക്കയറ്റത്തിൽനിന്ന് ആശ്വാസമാകുന്നതിനാൽ ഓണച്ചന്തകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സബ്സിഡിക്ക് പുറമെ വിവിധ ഓഫറുകളും നറുക്കെടുപ്പിലൂടെ നൽകുന്ന സമ്മാനങ്ങളും ഓണച്ചന്തയിൽ എത്തുന്നവരെ കാത്തുനിൽക്കുന്നുണ്ട്.
സപ്ലൈകോ ഓണംഫെയർ
ഓണക്കാലത്ത് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും പൊതുവിപണിയിൽ ന്യായവില ഉറപ്പാക്കാനുമായി സപ്ലൈകോ നടത്തുന്ന ജില്ല ഓണം ഫെയറിൽ തിരക്കേറി. ചൊവ്വാഴ്ച മുതൽ കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ ആരംഭിച്ച ഫെയർ സെപ്റ്റംബർ നാല് വരെ രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവർത്തിക്കുക. 13 ഇന സബ്സിഡി ഇനങ്ങളും മറ്റു സാധനങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്.
കൂടാതെ മുളക്, മല്ലി, മഞ്ഞൾ, സാമ്പാർ, തുടങ്ങിയ പൊടികളും കടുക്, ഉലുവ, പായസം മിക്സ് തുടങ്ങിയവയും അടങ്ങിയ 229 രൂപയുടെ സിഗ്നേച്ചർ കിറ്റും ലഭ്യമാണ്. ഇവക്ക് പുറമെ മറ്റു പ്രമുഖ റീട്ടെയ്ൽ ചെയിനുകളോട് കിടപിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ ഒരു നിരയും ഓണച്ചന്തയിൽ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്.
വെളിച്ചെണ്ണക്ക് ആവശ്യക്കാർ ഏറെ
സപ്ലൈകോ ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 339 രൂപക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപക്കുമാണ് നൽകുന്നത്. 529 രൂപയുള്ള കേര വെളിച്ചെണ്ണ 100 രൂപ കുറച്ചു 429 രൂപക്കാണ് നൽകുന്നത്. പൊതുവിപണിയിലുള്ള വില വർധന കാരണം വെള്ളിച്ചെണ്ണക്ക് ആവശ്യക്കാർ ഏറെയാണെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ സബ്സിഡിക്ക് പുറമെ നൽകുന്ന 25 രൂപ സ്പെഷൽ അരിക്കും ആവശ്യക്കാർ അധികമാണ്.
കുടുംബശ്രീ വിപണനമേള
കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച മുതൽ ആരംഭിച്ച കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണനമേളയും ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് മേളയുടെ ആകർഷണം. സെപ്റ്റംബർ ഒന്നുവരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഓണവിപണനമേളയിൽ പലഹാരങ്ങൾ, കറിപ്പൊടികൾ, വെളിച്ചെണ്ണ, പപ്പടം, അച്ചാർ, മില്ലറ്റ് ഉൽപന്നങ്ങൾ, ആയുർവേദ ഹോംമെയ്ഡ് സോപ്പുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, തേൻ, തേൻ ഉൽപന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്നവ ലഭ്യമാണ്.
ഓണക്കോടിക്കായി തുണിത്തരങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, കമ്മലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കുടുംബശ്രീ സംരംഭകർ തയാറാക്കിയ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ നാട്ടിൻപുറത്തിന്റെ രുചിയോടെ ലഭിക്കുന്നതിനാൽ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഖാദിമേളയും സജീവം
കേരള ഖാദി ബോർഡിന്റെ കലൂർ ഖാദി ടവറിലെ ഓഫിസിൽ ഖാദി ഓണം വിപണന മേളയും വിപുലമായ ഓഫറുകളോടെ ഒരുക്കിയിട്ടുണ്ട്. 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ്, ഖാദി വസ്ത്രങ്ങള്‍ വാങ്ങാൻ സാധിക്കും. കൂടാതെ ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാനപദ്ധതിയില്‍ ഓരോ 1000 രൂപ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും.
ആഴ്ചതോറും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് നൽകുന്ന 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾക്ക് പുറമെ മെഗാ സമ്മാനമായി ഇലക്ട്രിക് കാര്‍, ഇലക്ട്രിക് സ്കൂട്ടര്‍, 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരുലക്ഷം രൂപ വരെ ഖാദി ഉല്പന്നങ്ങള് വാങ്ങാനുള്ള സൗകര്യവും ഉണ്ട്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച മേള സെപ്റ്റംബർ നാല് വരെയുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.