വെങ്ങോലക്ക് വെളിച്ചം പകർന്ന പള്ളിക്കൂടം; ഓണംകുളം ഗവ. എല്‍.പി.ബി സ്കൂളിന് 113 വയസ്സ്
text_fieldsപെരുമ്പാവൂര്‍: വെങ്ങോലയുടെ മുത്തശ്ശന് പളളിക്കൂടമെന്ന് അറിയപ്പെടുന്ന ഓണംകുളം ഗവ. എല്‍.പി.ബി സ്കൂള്‍ 113ാം വയസ്സിന്റെ നിറവിലാണ്. 1912ല്‍ ആരംഭിച്ച സ്കൂളില്‍ നാട്ടിലെ പ്രഗത്ഭരായ പലരും ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്. വെങ്ങോല പഞ്ചായത്തിലെ രണ്ടാമത്തെ മലയാളം സ്കൂളാണിത്. കട്ട്ലാട്ട് പി.വി. മത്തായി കോര്‍ എപ്പിസ്കോപ്പയാണ് സ്കൂൾ സ്ഥാപിച്ചത്.
അദ്ദേഹം ഒരു കുടിപള്ളിക്കൂടമായിട്ടാണ് തുടങ്ങിയത്. പിന്നീട് തിരുവിതാംകൂര്‍ മഹാരാജാവ് സ്കൂളുകള്‍ അനുവദിച്ചുതുടങ്ങിയപ്പോള് പ്രതിഫലം വാങ്ങാതെ അദ്ദേഹം പള്ളിക്കൂടം വിട്ടുകൊടുക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഒ. തോമസ്, അദ്ദേഹത്തിന്റെ മകനും എം.പിയുമായ ബെന്നി ബഹനാന്, യുനൈറ്റഡ് നേഷന്‍സ് ജി20 ഇനിഷ്യേറ്റീവ് ലാൻഡ് ഡയറക്ടര്‍ മുരളി തുമ്മാരുകുടി, വെങ്ങോല ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി. ജേക്കബ്, മുന്‍ വൈസ് പ്രസിഡന്റുമാരായ കെ.പി. അബ്ദുല്‍ ജലീല്‍, കെ.എന്‍. രാമകൃഷ്ണന്, 115 വയസ്സ് വരെ ജീവിച്ചിരുന്ന വെങ്ങോലയിലെ പൈലി കുര്യാക്കോസ് വട്ടപ്പറമ്പില്‍ എന്നിവരെല്ലാം ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്.
വെങ്ങോല പഞ്ചായത്തിലെ ഓരോ ഭരണസമിതിയിലും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ഒന്നോ രണ്ടോ പേര് ഉണ്ടാകാറുണ്ട് എന്നത് ശ്രദ്ധേയമാണ്. പഞ്ചായത്തിലെ പ്രഥമ വനിത പ്രസിഡന്റ് കെ.പി. ഏലിയാമ ഇവിടെ അധ്യാപികയായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച പി.ബി. മാത്യു ഈ സ്കൂളിലെ മുന്‍കാല പ്രഥമ അധ്യാപകനാണ്.
നാട്ടിലെ സാധാരണക്കാരുടെ മക്കളുടെ ആശ്രയമാണ് ഈ വിദ്യാലയം. നിലവില്‍ എല്‍.കെ.ജി മുതല്‍ അഞ്ചാം ക്ലാസ് വരെയാണുള്ളത്. 145 കുട്ടികള്‍ പഠിക്കുന്നു. ആറ് സ്ഥിരം അധ്യാപകരും രണ്ട് താല്‍ക്കാലിക അധ്യാപികമാരുമാണുള്ളത്.
രണ്ട് കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഓഫിസ് സംവിധാനവും പ്രവര്‍ത്തിക്കുന്നു. 90 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ അസൗകര്യം നിറഞ്ഞതും ബലക്ഷയമുള്ളതുമാണ്.
അടുക്കള സൗകര്യങ്ങള്‍ മെച്ചപ്പെട്ടതല്ല. പുതിയ കെട്ടിടങ്ങള്‍ക്കും നവീകരണത്തിനും സ്കൂള്‍ അധികൃതര്‍ സര്‍ക്കാര്‍ തലത്തില്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് ഇപ്പോള്‍ മൂന്ന് ക്ലാസ് മുറികളുടെ നിര്‍മാണം നടക്കുന്നു. എം.എല്‍.എയുടെ ‘നെല്‍കെജി’ പദ്ധതിയുടെ പഞ്ചായത്തുതല ഒന്നാം സമ്മാനം ഇത്തവണ സ്കൂളിനാണ്.
പ്രധാനാധ്യാപിക ജീന പീറ്ററിന്റെ മേല്‍നോട്ടത്തില്‍ ദൈംനംദിന കാര്യങ്ങള്‍ ഏകോപിച്ചുവരുന്നു. ജെസീന ഷിയാസ് പി.ടി.എ പ്രസിഡന്റും അന്‍സിയ അബൂബക്കര്‍ മാതൃസംഘം പ്രസിഡന്റും കെ.കെ. സുമേഷ് എച്ച്.എം.സി ചെയര്‍മാനുമായി പ്രവർത്തിക്കുന്നു. പഠിക്കാന്‍ മിടുക്കരായവരുടെ വഴികാട്ടിയാണ് ഓണംകുളം സര്‍ക്കാര്‍ സ്കൂളെന്നാണ് ഇവരുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

