നാൽപ്പതു പിന്നിട്ട കൃഷിഭവന് വളപ്പിലെ ഞാവല്‍ മധുരം
text_fieldsഒക്കല്‍ കൃഷിഭവന് വളപ്പിലെ ഞാവല്‍ മരം
പെരുമ്പാവൂര്‍: ഒക്കല്‍ കൃഷിഭവന് വളപ്പിലെ ഞാവല്‍ നാല്പതും പിന്നിട്ട് വളരുമ്പോള്‍ ഇതിലെ പഴം മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നതിന്റെ സംതൃപ്തിയിലാണ് ഒക്കല്‍ പൗരസമിതി. നാല് പതിറ്റാണ്ട് മുമ്പ് ഇതുപോലൊരു ദിനമാണ് പൗരസമിതി പ്രവര്‍ത്തകര്‍ സാമൂഹിക വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ഞാവലും കുടംപുളിയും ഉള്‍പ്പടെ മരങ്ങള്‍ എം.സി റോഡിലെ സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തോട് ചേർന്ന കൃഷിഭവന് വളപ്പില്‍ നട്ടത്.
പെരുമ്പാവൂര്‍ കടുവാളിലുള്ള സോഷ്യല്‍ ഫോറസ്ട്രി മേഖല ഓഫിസില്‍ നിന്ന് അന്ന് തൈകള്‍ എത്തിക്കുകയായിരുന്നു. അന്തരിച്ച സംവിധായകന് ബിജു വട്ടപ്പാറ, മാധ്യമ പ്രവര്ത്തകൻ വര്‍ഗീസ് തെറ്റയില്‍, ഒക്കല്‍ വിത്ത് ഉല്പാദന കേന്ദ്രം ജീവനക്കാരനും പൗരസമിതി പ്രസിഡന്റമായ കെ.ഡി. വര്‍ഗീസ്, റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബാവ ഹുസൈന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വൃക്ഷത്തൈ നടലും സംരക്ഷണവും. രണ്ടുവര്‍ഷമായിരുന്നു പൗരസമിതിക്ക് സംരക്ഷണച്ചുമതല. പിന്നീട് കൃഷിഭവന് ഓഫിസര്‍മാരും ഉദ്യോഗസ്ഥരും ഏറ്റെടുത്തു. വേനല്‍ക്കാലത്ത് ഞാവലില്‍ പഴങ്ങള്‍ നിറയുമ്പോള്‍ പക്ഷികള്‍ ധാരാളമെത്തും.
കൃഷി ഭവന് ഉദ്യോഗസ്ഥര്‍ പഴങ്ങൾ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതും ഇതിന്റെ ഔഷധ ഗുണങ്ങള്‍ വിവരിച്ച് കൊടുക്കുന്നതും പതിവാണ്. പൊങ്ങില്യം, പ്ലാവ്, പുളി, പേര, ഞാവല്‍, ആഞ്ഞിലി തുടങ്ങി ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ അന്ന് സ്വകാര്യ വ്യക്തികള്‍ക്ക് പൗരസമിതിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു. കൃഷിഭവന് പുറമെ ഒക്കല്‍ ഗവ. എല്‍.പി സ്കൂളിലും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. എം.സി റോഡിന് ഇരുവശവും നട്ടുപിടിപ്പിച്ച മരങ്ങള്‍ റോഡിന് വീതി കൂട്ടിയപ്പോള്‍ വെട്ടിമാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.