വൈദ്യുതി തൂണില്‍ ലോറി ഇടിച്ചു; ദീർഘനേരം വൈദ്യുതി മുടങ്ങി
text_fieldsപെരുമ്പാവൂര്‍ ഔഷധി ജങ്ഷനില്‍ ലോറിയിടിച്ച് വളഞ്ഞ
വൈദ്യുതി തൂണ്
പെരുമ്പാവൂര്‍: വൈദ്യുതി തൂണില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ ഔഷധി ജങ്ഷന് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ദീർഘനേരം വൈദ്യുതി വിതരണം മുടങ്ങി. ശനിയാഴ്ച ഉച്ചക്ക് 11.25നാണ് അപകടമുണ്ടായത്. ജങ്ഷനില്‍നിന്നുള്ള വണ്‍വേയായ ഹരിഹരയ്യര്‍ റോഡിലേക്ക് തിരിഞ്ഞ ട്രെയ്ലര് ലോറിയാണ് അപകടമുണ്ടാക്കിയത്.
നീളം കൂടിയ ലോറിയുടെ പിറകുവശം ഇരുമ്പ് തൂണില്‍ ഇടിക്കുകയായിരുന്നു.പരിസരങ്ങളിലെ വൈദ്യുതി കമ്പികള്‍ ഉള്‍പ്പടെ ഇളകി വലിയ പൊട്ടിത്തെറി ഉണ്ടായി. ഒരു മണിക്കൂറിനു ശേഷമാണ് വൈദ്യുതി പുന:സ്ഥാപിച്ചത്. ഈ ഭാഗത്ത് വീതിയില്ലാത്തതുകൊണ്ട് റോഡ് വക്കിലാണ് വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മിക്കപ്പോഴും വാഹനങ്ങള്‍ തട്ടി വൈദ്യുതി തകരാര്‍ പതിവാണ്. കാലടി ഭാഗത്ത് നിന്നുള്ള ബസുകളും വലിയ വാഹനങ്ങളും തിരിഞ്ഞുപോകുന്ന റോഡാണിത്.
ശ്രീധര്‍മശാസ്ത ക്ഷേത്രം, സിവില്‍ സ്റ്റേഷന്, ബോയ്സ് ഹയര്‍ സെക്കന്‍ഡറി, കെ.എസ്.ഇ.ബി ഉള്പ്പടെയുളളവയിലേക്കുള്ള പ്രധാന റോഡിലൂടെ വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടക്കാര്‍ക്ക് ഒതുങ്ങിനില്ക്കാന് സൗകര്യമില്ലാത്തത് പ്രശ്നമാണ്. ഇരുചക്ര യാത്രികള്‍ അടക്കം നിരവധി പേര് അപകടത്തില്‍പ്പെടുകയും പലര്‍ക്കും ജീവഹാനിയും ഉണ്ടായിട്ടുണ്ട്.
സ്ഥിരമായി പോകുന്ന വാഹനങ്ങള്‍ക്ക് ഇവിടത്തെ കൊടുംവളവ് സംബന്ധിച്ച് ധാരണ ഉണ്ടെങ്കിലും അപരിചിതര്‍ക്ക് നിശ്ചയമില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.ഈ ഭാഗത്ത് വീതി വര്‍ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

