ഇടുക്കി വന്യജീവി സങ്കേതത്തിൽ 37 പുതിയ ജീവിവർഗത്തെ കണ്ടെത്തി
text_fieldsപൊടിപ്പൊന്മാൻ, ആനമല നിഴൽത്തുമ്പി, പുള്ളിവാലൻ ശലഭം
തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 37 പുതിയ ജീവിവർഗത്തെ കണ്ടെത്തി. 14 പക്ഷി, 15 ചിത്രശലഭങ്ങൾ, എട്ട് തുമ്പികൾ എന്നിവയാണ് പുതിയ അതിഥികൾ. ഫെബ്രുവരി 21 മുതൽ 23 വരെ ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റിയും (ടി.എൻ.എച്ച്.എസ്) കേരള വനം വന്യജീവി വകുപ്പും സംയുക്തമായാണ് സർവേ നടത്തിയത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതതിലെ ഏഴ് സ്ഥലങ്ങളിൽ താമസിച്ചായിരുന്നു സർവേ.
14 പുതിയവ ഉൾപ്പെടെ ആകെ 174 പക്ഷികളെ സർവേയിൽ നിരീക്ഷിച്ചു. ഗ്രേ ഹെറോൺ (ചാരമുണ്ടി), ഇന്ത്യൻ സ്പോട്ട് ഈഗിൾ (പുള്ളി കഴുകൻ), സ്റ്റെപ്പി ഈഗിൾ (കായൽപരുന്ത്), ബോണെല്ലി ഈഗിൾ (ബോൺല്ലി പരുന്ത്), വെസ്റ്റേൺ മാർഷ് ഹാരിയർ (കരി തപ്പി), മൊൺടാഗു ഹാരിയർ (മേടുതപ്പി), യൂറോപ്യൻ സ്പാരോ ഹോക്ക് (യൂറേഷ്യൻ പ്രാപിടിയൻ), സാവന്ന നൈറ്റ് ജാർ (ചിയിരാച്ചുക്ക്), ബ്ലൂ ഫേസ് മൽക്കോഹ (നീലക്കണ്ണൻ പച്ചച്ചുണ്ടൻ), ബ്ലൂ ഈയേഡ് കിംഗ്ഫിഷർ (പൊടിപ്പൊന്മാൻ), ഗ്രേറ്റ് ബ്ലാക്ക് വുഡ് പെക്കർ (കാക്ക മരംകൊത്തി), റോസി സ്റ്റാർ (റോസ് മൈന), ലോങ് ബെല്ലിഡ് പിപ്പിറ്റ് (പാറ നിരങ്ങൻ), ഇന്ത്യൻ സിൽവർബിൽ (വയലാറ്റ) എന്നിവയാണ് കണ്ടെത്തിയ പുതിയ പക്ഷികൾ. 15 പുതിയവ ഉൾപ്പെടെ ആകെ 155 ഇനം ശലഭങ്ങളെ രേഖപ്പെടുത്തി. ഇതോടെ സങ്കേതത്തിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 212 ആയി ഉയർന്നു. വൃഷ്ടിപ്രദേശത്ത് വരണ്ട കാലാവസ്ഥ ആയിരുന്നെങ്കിലും എട്ട് പുതിയവ ഉൾപ്പെടെ 48 തുമ്പികളെയും കാണാനായി.
202 ഇനം നിശാശലഭങ്ങൾ, 52 ഇനം ഉറുമ്പുകൾ എന്നിവയെയും ആന, നീർ നായ, ചെറിയ സസ്തനികൾ എന്നിവയുടെ സാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു. ഓഫ് സീസൺ സർവേയിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന് മഴക്കാലത്തിന് ശേഷം തുടർ സർവേ നടത്തുമെന്നും ഇടുക്കി വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ പറഞ്ഞു. അസി. വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.സി. ആനന്ദൻ സജിമോൻ, കെ.ആർ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.