കൊക്കോ വില 750ൽ നിന്ന് 250 ലേക്ക്; ആവശ്യക്കാരുമില്ലാതെ വലഞ്ഞ് കർഷകർ
text_fieldsഅടിമാലി: ഉൽപാദനം കുറഞ്ഞെങ്കിലും കൊക്കോ എടുക്കാൻ ആളില്ലാത്തത് കർഷകർക്ക് വിനയായി. ഹൈറേഞ്ചിൽ കാഡ്ബറിസ്, കാംകോ കമ്പനികളും സ്വകാര്യ കമ്പനികളും കൊക്കോ ശേഖരിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ 780 രൂപ വരെ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോൾ 250 രൂപയിൽ താഴെയാണ് വില. ഈ വിലക്കും കൊക്കോ വിൽക്കാൻ കർഷകർ തയാറാണെങ്കിലും വാങ്ങാൻ ആരും എത്തുന്നില്ല. ചെറുകിട വ്യാപാരികൾ 400 രൂപക്ക് മുകളിൽ ടൺകണക്കിന് കൊക്കോ ശേഖരിച്ചിട്ടുണ്ട്. ഇവ വിറ്റ് പോകാത്തതിനാൽ വ്യാപാരികൾക്കും വലിയ ബാധ്യത ഉണ്ടായി. കഴിഞ്ഞ വർഷം താരപദവിലേക്ക് ഉയർന്ന കൊക്കോ 1200 രൂപക്ക് വരെ വിൽപന നടത്തിരുന്നു.
കാലവർഷത്തിൽ വില 500 ന് അടുത്ത് നിന്നെങ്കിലും കഴിഞ്ഞ ഡിസംബർ മുതൽ വീണ്ടും വില ഉയർന്നു. പിന്നീട് 780 രൂപക്ക് വരെ വിൽപന നടന്നു. ജനുവരി, ഫെബ്രുവരി മാസത്തിലും മാർച്ച് തുടക്കത്തിലും വരെ 500 രൂപക്ക് മുകളിൽ വില നിന്നു. എന്നാൽ, പൊടുന്നനെ വില കുത്തനെ ഇടിഞ്ഞു. കൊക്കോ പരിപ്പിന് ഗുണനിലവാരം തീരെ കുറവാണെന്നതാണ് പൊതുമേഖല കമ്പനി അധികൃതർ കാരണമായി പറയുന്നത്. എന്നാൽ വൻകിട ചോക്ലേറ്റ് കമ്പനികളുടെ ഇടപെടലാണ് കാരണമെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വാത്തിക്കുടി, കൊന്നത്തടി, മാങ്കുളം, വെള്ളത്തൂവൽ, അടിമാലി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് കൊക്കോ കൂടുതൽ ഉൽപദിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.