രണ്ട് പതിറ്റാണ്ടിന് ശേഷം ദേവികുളം തിരിച്ചുപിടിച്ച് യു.ഡി.എഫ്
text_fieldsഎഫ്. രാജ
അടിമാലി: രണ്ട് പതിറ്റാണ്ടിന് ശേഷം ദേവികുളത്ത് യു.ഡി.എഫ് വിജയം. സി.പി.എം സ്ഥാനാർഥികളായി മൂന്നു തവണ എസ്. രാജേന്ദ്രനും കഴിഞ്ഞ തവണ എ. രാജയും വിജയിച്ച ദേവികുളത്ത് ഇക്കുറി യു.ഡി.എഫിലെ എഫ്. രാജയാണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ. രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എസ്. രാജേന്ദ്രനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.
ആറുമാസം മുമ്പ് രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുകയും എൻ.ഡി.എ സ്ഥാനാർഥിയായി മാറുകയും ചെയ്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് സി.പി.എമ്മും എൽ.ഡി.എഫും എത്തിയിരുന്നു. തോട്ടം മേഖലയിലെ മേൽകോയ്മ എൽ.ഡി.എഫിന് നഷ്ടമാവുകയും ചെയ്തു. ഇവിടെ മാത്രം 10,000ത്തിലേറെ വോട്ടാണ് എസ്. രാജേന്ദ്രൻ പിടിച്ചത്. ഇതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്.
ആദ്യ റൗണ്ട് മുതൽ മൂന്നു വരെ യു.ഡി.എഫിന് ലീഡുണ്ടായി. നാലാം റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെ എൽ.ഡി.എഫ് ലീഡെടുത്തു. എന്നാൽ, ഒമ്പതാം റൗണ്ട് മുതൽ യു.ഡി.എഫ് ലീഡ് തിരിച്ചുപിടിക്കുകയും വ്യക്തമായ ലീഡോടെ വിജയതീരത്ത് എത്തുകയുമായിരുന്നു. കഴിഞ്ഞ തവണ എ. രാജ 7848 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എസ്. രാജേന്ദ്രൻ ഫാക്ടാണ് എൽ.ഡി.എഫിന് തിരിച്ചടിയായതെന്ന് വ്യക്തമാണ്.
ഇനി മറ്റൊരു ‘രാജ’കാലം
അടിമാലി: തോട്ടം-കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന എസ്.സി സംവരണ മണ്ഡലമായ ദേവികുളം നിയമസഭ മണ്ഡലത്തില്‍ ഇനി എഫ്. രാജയുടെ കാലം. നിലവിലെ എം.എൽ.എ സി.പി.എമ്മിലെ എ. രാജയെ അട്ടിമറിച്ച് കോൺഗ്രസിലെ എഫ്. രാജ ഇത്തവണ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ മറ്റൊരു ‘രാജകാലം’ വന്നത്. കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ യു.ഡി.എഫും നാലുവട്ടം എല്‍.ഡി.എഫുമാണ് വിജയിച്ചത്. ഇക്കുറി എഫ്. രാജയിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2006 മുതല്‍ 2021 വരെ എസ്. രാജേന്ദ്രനാണ് വിജയിച്ചത്.
1991 മുതല്‍ മൂന്ന് പ്രാവശ്യം വിജയിച്ച എ.കെ. മണിയില്‍നിന്നാണ് എസ്. രാജേന്ദ്രന് മണ്ഡലം പിടിച്ചെടുത്തത്. മൂന്ന് ടേമിന് ശേഷം കഴിഞ്ഞ തവണ എ. രാജയിലൂടെ മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. എതിരാളി കോൺഗ്രസിലെ ഡി. കുമാറിനെ 7848 വോട്ടിന് തോൽപിച്ചാണ് എ. രാജ വിജയിച്ചത്. സാമുദായിക പ്രശ്നം ഉയര്‍ത്തി അയോഗ്യത ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധി രാജ നേരിട്ടു. ഒടുവില്‍ സുപ്രീംകോടതി വരെ കേസ് നീളുകയും രാജക്ക് അനുകൂലമായി വിധി വന്നതോടെയാണ് എല്‍.ഡി.എഫിന് ആശ്വാസമായത്. സര്‍ക്കാര്‍വിരുദ്ധ വികാരവും പട്ടയ, റോഡ് വിഷയങ്ങളടക്കം ഇത്തവണ യു.ഡി.എഫിന് അനുകൂലമായി. ആറു തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ. മണിയെ മാറ്റി പുതുമുഖത്തെ രംഗത്തിറക്കാന്‍ യു.ഡി.എഫ് നേരത്തെ തീരുമാനിച്ചതും അനുകൂലമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

