ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലില്‍
text_fieldsപള്ളിവാസലില്‍ നിർമാണം പൂർത്തിയായ ഷീ ലോഡ്ജ്
അടിമാലി: സ്ത്രീകൾക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കി പള്ളിവാസൽ പഞ്ചായത്ത്. മൂന്നാറിന്റെ പ്രവേശന കവാടമായ രണ്ടാം മൈലിലാണ് ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണിത്. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചിരിക്കുന്നത്. ഏഴ് ബെഡ്റൂം, 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, റസ്റ്റാറൻഡ്, അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ട്. സഞ്ചാരികള്‍ക്കായി ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കി നല്‍കും. റിസോര്‍ട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ലോഡ്ജിന്റെ നിർമാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ വിദൂരക്കാഴ്ചയും മലനിരകളും മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന തേയില തോട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ലോഡ്ജില്‍നിന്ന് ആസ്വദിക്കാം. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഹുവര്‍ഷ പദ്ധതിയായാണ് പള്ളിവാസല്‍ പഞ്ചായത്ത് ഇത് നടപ്പാക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് വരുന്നവര്‍ക്ക് അടിമാലി-കല്ലാര്‍ വഴിയും രാജാക്കാട് ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കുഞ്ചിത്തണ്ണി-ചിത്തിരപുരം വഴിയും കട്ടപ്പനയിൽനിന്ന് വരുന്നവര്‍ക്ക് വെള്ളത്തൂവല്‍-ആനച്ചാല്‍ വഴിയും ഇവിടേക്ക് എത്താം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.