വരയാടുകളുടെ കണക്കെടുപ്പിന് തുടക്കം
text_fieldsമൂന്നാർ രാജമലയിലെ വരയാട്
അടിമാലി: വരയാടുകളുടെ കണക്കെടുപ്പിന് തുടക്കം. 27വരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വരയാടുകളുടെ കണക്കെടുപ്പ് സമന്വയിപ്പിച്ച് നടത്താൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കേരളത്തിലെ 89 സെൻസസ് ബ്ലോക്കിലും തമിഴ്നാട്ടിലെ 176 സെൻസസ് ബ്ലോക്കിലും കണക്കെടുക്കാനാണ് തീരുമാനം. തിരുവനന്തപുരം മുതൽ വയനാടുവരെ 19 വനം ഡിവിഷനിലായാണ് കണക്കെടുപ്പ്. വനം ഉദ്യോഗസ്ഥരും വളന്റിയർമാരും ഉൾപ്പെടെ 1300 ഓളം വരുന്ന സെൻസസ് ടീമംഗങ്ങളെ ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഓരോ ബ്ലോക്കിലേക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള സെൻസസ് ടീമംഗങ്ങൾ ഇവയുടെ കണക്കെടുപ്പ് നടത്തും. വിവരങ്ങൾ ബൗണ്ടഡ് കൗണ്ട് എന്ന ശാസ്ത്രീയ രീതിയിൽ വിശകലനം ചെയ്ത് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കുകയുമാണ് ചെയ്യുകയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാനതലത്തിൽ നടക്കുന്ന വരയാടുകളുടെ കണക്കെടുപ്പിന്റെ സ്റ്റേറ്റ് നോഡൽ ഓഫിസർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഫീൽഡ് ഡയറക്ടറായ പി.പി. പ്രമോദാണ്.
കണക്കെടുപ്പ് മെച്ചപ്പെട്ട പരിപാലനത്തിന്
അറേബ്യയിലും ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായി, ലോകത്തിൽത്തന്നെ ചുരുക്കം മേഖലകളിൽ മാത്രം കാണപ്പെടുന്ന കാട്ടാടുകൾ അഥവാ മൗണ്ടൻ ഗോട്ട് വിഭാഗത്തിൽപ്പെടുന്ന, വംശനാശഭീഷണി നേരിടുന്ന നീലഗിരി താർ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂർവമായ സഞ്ചയം കാണുന്നത് മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലാണ്. ഇവിടെ ഇതിന്റെ കണക്കെടുപ്പ് വർഷം തോറും നടത്തുന്നുമുണ്ട്.
കൃത്യമായ കണക്കെടുപ്പിലൂടെ വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതുവഴി ഇവയുടെ സുരക്ഷയും നിലനിൽപ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പുവരുത്തുന്നു. പർവത മേഖലകളിലെ സുസ്ഥിരവും ആരോഗ്യകരവുമായ ആവാസ വ്യവസ്ഥയുടെ അടയാളമാണ് വരയാടുകൾ എന്നതിനാൽ, അവയുടെ ശാസ്ത്രീയമായ കണക്കെടുപ്പും സംരക്ഷണവും കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥയുടെയും പർവതനിരകളിൽ നിന്നുത്ഭവിക്കുന്ന നദികളുടെയും പരിസ്ഥിതി സംതുലനത്തിന്റെയും സംരക്ഷണം കൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.