ഹൈറേഞ്ച് പിടിച്ചടക്കി തെരുവുനായ്ക്കൾ
text_fieldsഅടിമാലി: കാടിറങ്ങിവരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടിയ മലയോര നിവാസികൾ ഇപ്പോൾ തെരുവുനായ്ക്കളെ ഭയന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുകയാണ്. ദേശീയ, സംസ്ഥാന പാതകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ്ക്കൾ അടക്കിവാഴുന്നു.
ഇരുചക്ര വാഹന യാത്രികർ, പ്രഭാത- സായാഹ്ന സവാരിക്കാർ, ഓട്ടോ ഡ്രൈവർമാർ, രാത്രികാല ചരക്ക് ലോറി ജീവനക്കാർ, വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാർ, പത്രവിതരണക്കാർ, മത്സ്യ വിൽപനക്കാർ അടക്കമുള്ളവർ നായ് ശല്യം മൂലം വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ തലങ്ങും വിലങ്ങും ഓടിയടുത്തതു കണ്ട് ഭയന്ന യുവാവ് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റു. അപകട സമയം റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതു രക്ഷയായി.
ദേശീയപാതയിൽ മൂന്നാർ, മൂന്നാർ പോസ്റ്റ് ഓഫിസ് കവല, വിവിധ സമാന്തര റോഡുകൾ എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കൾ പെറ്റുപെരുകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാക്കൾ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് സാഹസികമായാണ് രക്ഷപ്പെട്ടത്.
അടിമാലി, ഇരുമ്പുപാലം, മന്നാങ്കാല, ബസ്സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ ബസ് സ്റ്റോപ്പിലെ യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ പ്രദേശമെല്ലാം ഏറെ നാളായി നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. രാത്രി ബസ് ഇറങ്ങുന്നവരും കയറാനെത്തുന്നവരും നായ്ക്കളുടെ അക്രമത്തിനിരയാകുന്നു.
രാജാക്കാട് സ്കൂൾ പരിസരം, പൂപ്പാറ, രാജകുമാരി ടൗണും പരിസരങ്ങളും തുടങ്ങിയയിടത്തെല്ലാം നായ് ശല്യം രൂക്ഷമാണ്. രാജാക്കാട്-പൂപ്പാറ റോഡിലും നായ്ക്കൾ കൂട്ടത്തോടെയാണ് വിഹരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി. ജില്ലയിൽ നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ച അവസ്ഥയാണ്. ജില്ലയിലെ ഏക എ.ബി.സി സെന്ററിന്റെ പ്രവർത്തനവും നിലച്ച അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.