തോട്ടം മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷം
text_fieldsമാങ്കുളം 96-ൽ കാട്ടാനകൾ നശിപ്പിച്ച കൃഷി
അടിമാലി: കാർഷിക-തോട്ടം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമായി. ഏതാനും ആഴ്ചകളായി മൂന്നാറിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് മാറിയ പടയപ്പ വീണ്ടും മൂന്നാറിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി കൃഷി നശിപ്പിച്ചു.
മാങ്കുളം പഞ്ചായത്തിലെ 96-ൽ കഴിഞ്ഞ ഒരാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങൾ വ്യാപകമായി കൃഷി നാശമാണ് വരുത്തുന്നത്.
രാത്രിയും പകലും ജനവാസ മേഖലയിൽ നിന്നും മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന ഇവ 20 ഓളം കർഷകരുടെ കാർഷിക വിളകൾ പൂർണമായി നശിപ്പിച്ചു. വാഴകൃഷി , മരച്ചീനി കൃഷി, തെങ്ങ്, കമുങ്ങ്, ഏലം എന്നു വേണ്ട എല്ലാത്തരം കൃഷികളും നശിപ്പിച്ചവയിൽപ്പെടും.
രാത്രിയും പകലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനം. കുട്ടികൾക്ക് സ്കൂളിൽ പോകാൻ വരെ ഭയമാണ്.എങ്കിലും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കാട്ടാന നാശം വിതക്കുമ്പോൾ പട്ടയ പ്രശ്നം പറഞ്ഞ് നഷ്ടപരിഹാരം പോലും കർഷകർക്ക് വനം വകുപ്പ് നിഷേധിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ വനം വകുപ്പ് ഓഫിസ് പടിക്കൽ സമരം തുടങ്ങാനുള്ള ഒരുക്കത്തിലാണ് . വാളറ അഞ്ചാം മൈൽ ഭാഗങ്ങളിലും കാട്ടാന ശല്യം അതി രൂക്ഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.