ജീവനെടുത്ത് കാട്ടാനകൾ; നോക്കുകുത്തിയായി വനം വകുപ്പ്
text_fieldsഅടിമാലി: ഹൈറേഞ്ചിൽ മനുഷ്യജീവന് ഭീഷണിയായി കാട്ടാനകൾ. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായത്. ഇതോടെ മൂന്ന് മാസത്തിനിടെ മേഖലയിൽ കാട്ടാനക്കലിയിൽ നഷ്ടമായത് മൂന്ന് ജീവനുകളാണ്. പേത്തൊട്ടി അയ്യൻപാറക്ക് സമീപം അന്തർ സംസ്ഥാന തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) കൊല്ലപ്പെട്ടതാണ് ഇതിൽ ഏറ്റവും അവസാനത്തെ സംഭവം. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ അയ്യൻപാറയിൽനിന്നും കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിൽവെച്ചാണ് ശിവകുമാറിനെ കാട്ടാന ആക്രമിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെട്ടു. ഒറ്റയാനാണ് ശിവകുമാറിനെ ആക്രമിച്ചതെന്നാണ് സൂചന.
പൊലിയുന്ന ജീവനുകൾ
കാട്ടാനകൾ നാട് കൈയടക്കിയതോടെ മൂന്ന് മാസത്തിനിടെ മേഖലയിൽ നഷ്ടമായത് മൂന്ന് മനുഷ്യജീവനുകളാണ്. ചിന്നക്കനാൽ മേഖലയിൽ രണ്ടും ശാന്തൻപാറയിൽ ഒരാൾക്കുമാണ് ജീവഹാനി സംഭവിച്ചത്. മക്കളെ സ്കൂളിൽ വിടാൻ റോഡിലൂടെ നടന്നുവരവേയാണ് മാരിയമ്മാൾ എന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുത്ത മഞ്ഞ് വീഴ്ചയിൽ കാട്ടാനയെ കാണാൻ പറ്റാതെ വന്നതാണ് ദാരുണസംഭവത്തിന് കാരണം. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമീപ മേഖലയിൽ തോട്ടത്തിൽ പണിചെയ്യവേ തമിഴ്നാട് സ്വദേശി ഒച്ചപ്പനെ കാട്ടാന ആക്രമിച്ച് കൊന്നത്. കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിന് പിന്നാലെയാണ് വ്യാഴാഴ്ച അന്തർ സംസ്ഥാന തൊഴിലാളി കാട്ടാനക്കലിക്ക് ഇരയായത്.
അധികാരികൾ ഉറക്കത്തിൽ
കാട്ടാനയാക്രമണങ്ങളിൽ ജീവഹാനി വർധിക്കുമ്പോഴും വനം വകുപ്പ് നോക്കുകുത്തിയാകുകയാണെന്നാണ് ഉയരുന്ന ആരോപണം. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതല്ലാതെ പിന്നീടതിന്റെ തുടർച്ചയുണ്ടാകുന്നില്ലെന്നാണ് പ്രധാന ആരോപണം. ഈ സർക്കാർ അധികാരത്തിൽ വന്ന് മൂന്നുമാസം പിന്നിടുമ്പോഴാണ് ഇടുക്കിയിൽ മാത്രം മൂന്ന് മരണം റിപ്പോർട്ട് ചെയ്യുന്നത്. വനം മന്ത്രി ഷിബു ബേബി ജോൺതന്നെ നേരിട്ടെത്തി നടത്തിയ പ്രഖ്യാപനങ്ങളും ഇഴയുകയാണ്. ഇതോടെ ഹൈറേഞ്ചിലെ എല്ലാ മേഖലകളിലും കാട്ടാനകൾ ജനജീവിതത്തിന് ഭീഷണിയാകുകയാണ്.
മൂന്നു മാസത്തിനിടെ മൂന്നു ജീവനുകൾ പൊലിഞ്ഞതോടെ തോട്ടം മേഖലകളിലെ ജനങ്ങളും ആശങ്കയിലാണ്. ജനവാസമേഖലകളിലടക്കം കൺമുന്നിൽ കാട്ടാനയോ കടുവയോ പ്രത്യക്ഷപ്പെടാൻ സാധ്യത കൂടുതലായതിനാൽ തൊഴിലിന് പോകാൻപോലും ആരും തയാറാവാത്ത സ്ഥിതിയിലാണ്. വളർത്തുമൃഗങ്ങളെപോലെ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുകയാണ് കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ.
ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
കാട്ടാന ഭീതിയിൽ ജനം ആശങ്കയിലായതോടെ ജാഗ്രത നിർദേശവുമായി വനം വകുപ്പ്. രാത്രിയോ പകലോ പുറത്തിറങ്ങിയാൽ ഒറ്റപ്പെട്ട് നടക്കരുത്. ഫോൺ ഉപയോഗിച്ച് നടന്നുപോകുമ്പോഴും ജാഗ്രത വേണമെന്നാണ് വകുപ്പ് മുന്നറിയിപ്പ്. ചൂട് ഏറിവരുന്നതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ എസ്റ്റേറ്റ് മേഖലകളിലും തോട്ടം മേഖലകളിലും കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലും ഇറങ്ങുന്നത് പതിവായിരിക്കുന്നു. ആയതിനാൽ വന്യമൃഗ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ട് നടക്കുന്നതും ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി സംസാരിച്ചുപോകുന്നതും പരമാവധി ഒഴിവാക്കണം. വന്യമൃഗ സാന്നിധ്യം ശ്രദ്ധയിൽപ്പെടുന്ന അവസരങ്ങളിൽ മൂന്നാർ ആർ.ആർ. ടി (8547601351), ചിന്നക്കനാൽ ആർ.ആർ.ടി (8547601363) എന്നിവരെ വിവരം അറിയിക്കണമെന്നും വകുപ്പ് അറിയിപ്പിൽ പറയുന്നു.
കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും
അടിമാലി: ശാന്തൻപാറ പേത്തൊട്ടിക്ക് സമീപം അയ്യൻപാറ ഭാഗത്തുവെച്ച് വ്യാഴാഴ്ച രാത്രി കാട്ടാനയാക്രമിച്ച് കൊലപ്പെടുത്തിയ മധ്യപ്രദേശ് സ്വദേശി ശിവകുമാറിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ഇവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തലക്കും ആന്തരികാവയങ്ങൾക്കുമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ശിവകുമാറിന്റെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. വനം വകുപ്പ് അധികൃതർ മധ്യപ്രദേശിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇവരെത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനുള്ള ചെലവുകൾ വനം വകുപ്പ് വഹിക്കും. ശിവകുമാറിന്റെ അമ്മക്ക് അടിയന്തര നഷ്ടപരിഹാരമായ 5 ലക്ഷം രൂപ നൽകുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

