മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനയിറങ്ങി; സൈലന്റ് വാലിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsഅടിമാലി: മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനയിറങ്ങി. മൂന്നാർ ടൗണിലെ മൗണ്ട് കാർമൽ ദേവാലയത്തിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച കാട്ടാന വാഴ തിന്ന് വിശപ്പടക്കിയാണ് മടങ്ങിയത്. ഇവിടെ നിന്നും ടൗണിനോട് ചേർന്ന് 18 മുറി ലൈൻസിലും ഈ കാട്ടാനയെത്തി. കാട്ടാനയുടെ സഞ്ചാരപദം മനസ്സിലാക്കിയ നാട്ടുകാർ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതിനാൽ അപകടമൊഴിഞ്ഞു. വനംവകുപ്പ് ആർ.ആർ ടീം നിരീക്ഷണം തുടരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കാട്ടാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിൽ ഇറങ്ങുന്നത്. പലയിടങ്ങളിലായി കാട്ടാനയുടെ മുന്നിൽ അകപ്പെട്ടവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇതിനിടെ സൈലന്റ് വാലി രണ്ടാം ഡിവിഷനിലും കാട്ടാനക്കൂട്ടമിറങ്ങി. കുട്ടിയാന ഉൾപ്പെടെ ഏഴ് കാട്ടാനകളാണ് ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ ഒരു പശുത്തൊഴുത്ത് കാട്ടാന തകർത്തു. മേഖലയിൽ വ്യാപകമായി അടുക്കളത്തോട്ട പച്ചക്കറി കൃഷി കാട്ടാനക്കൂട്ടം തകർത്തിട്ടുണ്ട്. പടയപ്പ, വിരിഞ്ഞ കൊമ്പൻ കാട്ടാനകളും ജനവാസ മേഖലയിൽ വിലസുന്നു.
കാട്ടാനകൾക്ക് പുറമെ കടുവ, പുലി, കാട്ടുപോത്ത് തുടങ്ങി ഉപദ്രവകാരികളായ വന്യമൃഗങ്ങളും ജനവാസ മേഖലയിൽനിന്നും മാറാതെ നിൽക്കുന്നത് തോട്ടം തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ചിന്നക്കനാലിൽ വന്യമൃഗസാന്നിധ്യം കണ്ടെത്താൻ പലയിടങ്ങളിലായി വനം വകുപ്പ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുതുടങ്ങി. ഇവിടെ പുതിയ ആർ.ആർ ടീമിന്റെ പ്രവർത്തനവും തുടങ്ങി. 6 മാസത്തിനിടെ 35 കറവപ്പശുക്കളെ മൂന്നാർ തോട്ടം മേഖലയിൽ കടുവ കൊന്നുതിന്നു. അടുത്തിടെ സൈലന്റ് വാലിയിൽ മാത്രം ആറ് പശുക്കളെയാണ് കടുവ കൊന്നുതിന്നത്. കുണ്ടള സാൻറോസ് കോളനിയിൽ ഒരു പശുവിനെ കടുവ കൊന്നുതിന്നിരുന്നു. മറയൂർ, കാന്തലൂർ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

