ആഭ്യന്തര മന്ത്രി കാണുമോ? അടിമാലി ട്രാഫിക് പൊലീസിന്റെ ദുരിതം
text_fieldsഅടിമാലി ട്രാഫിക് പൊലീസ് സ്റ്റേഷൻ
അടിമാലി: അടിമാലി ട്രാഫിക്ക് പൊലീസ് യൂനിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. പൊലീസുകാരുടെ ഒഴിവുകൾ നികത്താതെ വരുന്നതാണ് കാരണം. 24 പോസ്റ്റുകളുള്ള ഇവിടെ ഇപ്പോൾ 12 പൊലീസുകാരാണുള്ളത്. സ്പെഷ്യൽ ഡ്യൂട്ടിയും മെഡിക്കൽ ലീവുകളും കഴിയുമ്പോൾ പരമാവധി ആറുപേരിലേക്ക് ചുരുങ്ങും. ഇതോടെ സെൻട്രൽ ജങ്ഷനിലെ പോയന്റ് ഡ്യൂട്ടിക്കപ്പുറം അടിമാലി ട്രാഫിക്ക് യൂനിറ്റിന്റെ പ്രവർത്തനം മറ്റു മേഖലയിൽ ലഭിക്കുന്നില്ല.
മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് 43 പൊലീസുകാരുമായി ഇവിടെ ട്രാഫിക് യൂനിറ്റ് തുടങ്ങിയത്. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ഈ യൂനിറ്റിനോട് കടുത്ത അവഗണ കാട്ടി. ഇതോടെ പരമാവധി അംഗബലം 24 ആയി ചുരുക്കി. എന്നാൽ, മാറ്റിയ ഉദ്യോഗസ്ഥർക്ക് പകരക്കാരെ നിയമിക്കാതെ യൂനിറ്റിനെ അപ്രസക്തമാക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ ട്രാഫിക്ക് കുറ്റകൃത്യങ്ങൾ നടക്കുന്ന ഇവിടെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനോ കേസുകൾ രജിസ്റ്റർ ചെയ്യാനോ കഴിയുന്നില്ല. നിരവധി യാത്രക്കാരെത്തുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് ഔട്ട് പോസ്റ്റുണ്ടെങ്കിലും പൊലീസുകാർ ഇല്ലാത്തതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് സ്റ്റാൻഡിൽ ഇതോടെ സാമൂഹികവിരുദ്ധ ശല്യവും വർധിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാർഥികൾക്കും ബസ് സ്റ്റാൻഡിൽ സമാധാനത്തോടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഓപറേഷൻ തൂഫാൻ തുടങ്ങിയെങ്കിലും ലഹരിയുടെ ഹബായി മാറിയ ബസ് സ്റ്റാൻഡിൽ ഇത്തരക്കാർക്കെതിരെ നടപടിയില്ല. ടൗണിൽ കാൽനട യാത്ര ഇടങ്ങളെല്ലാം വഴിവാണിഭക്കാരെയും അനധികൃത പാർക്കിങ് വാഹനങ്ങളാലും നിറഞ്ഞു. അടിമാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറാണ് ട്രാഫിക്ക് സ്റ്റേഷൻ നിയന്ത്രിക്കേണ്ടത്. എന്നാൽ, എസ്.എച്ച്.ഒയും ഈ യൂനിറ്റിനെ മറന്ന മട്ടാണ്. ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിലടക്കം ജില്ല പൊലീസ് മേധാവിയും അനാസ്ഥ തുടരുന്നു. ഇപ്പോൾ രമേശ് ചെന്നിത്തലതന്നെ ആഭ്യന്തര മന്ത്രിയായി തിരിച്ചെത്തിയതോടെ വീണ്ടും അടിമാലിയിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

