അടിസ്ഥാന സൗകര്യമൊരുക്കാതെ അധികൃതർ; ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ അവഗണന
text_fieldsഅഞ്ചുരുളി ടണൽ മുഖത്തുനിന്ന് വെള്ളം ഇടുക്കി ജലാശയത്തിലേക്ക് പതിക്കുന്നു
കട്ടപ്പന: വിനോദസഞ്ചാര സാധ്യതകൾ ഏറെയെങ്കിലും ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യം അപര്യാപ്തം; പദ്ധതികളേറെയുണ്ടങ്കിലും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് അവഗണനയാണ്. അപകട സാധ്യത മേഖലകളിൽ വേണ്ടത്ര മുൻകരുതൽ നടപടികളില്ല.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അഞ്ചുരുളി ടണൽ മുഖം, അയ്യപ്പൻകോവിൽ തൂക്കുപാലം, കല്യാണത്തണ്ട് ഇക്കോ ടൂറിസം കേന്ദ്രം, കരടിപ്പാറ, ചെല്ലാർകോവിൽ വാച്ച് ടവർ, അരുവിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയിടങ്ങളിലാണ് വിനോദസഞ്ചാരികളോടുള്ള അധികൃതരുടെ അവഗണന തുടരുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അപകട സാധ്യത ഇല്ലാതാക്കാനുള്ള നടപടി വൈകുന്നതും അവരെ ഇവിടെ നിന്ന് അകറ്റുകയാണ്.
അപകട ഭീതിയുയർത്തി അഞ്ചുരുളി
ഇടുക്കി ജലശയത്തിന്റെ അഞ്ചുരുളി മേഖലയിലാണ് അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ടണലും വെള്ളച്ചാട്ടവുമാണ് പ്രധാന ആകർഷണം. വെള്ളച്ചാട്ടത്തിന് സമീപം ജലശയത്തിന്റെ കര ഭാഗത്തെ മണ്ണ് ഒലിച്ചുപോയി അപകടവസ്ഥയിലാണ്. ഇവിടെ താൽക്കാലിക വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീര ഭാഗത്തെ അടിമണ്ണ് ഒലിച്ച് കര ഇടിഞ്ഞിരിക്കുകയാണ്.
അഞ്ചുരുളി തുരങ്കമുഖത്ത് ഇരുമ്പുപൈപ്പ് ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന വേലികൾ നാമാവശേഷമായി. ഇവിടെ വെള്ളത്തിൽ ഇറങ്ങുന്ന ടൂറിസ്റ്റുകൾ ഒഴുക്കിൽപെട്ടാൽ മുമ്പ് ഈ വേലിയിൽ പിടിച്ചു രക്ഷപെടാമായിരുന്നു. വേലി ഇല്ലാതായതോടെ ഒഴുക്കിൽപെടുന്നവർക്ക് അപകടം സംഭവിക്കാനിടയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണിവിടം. ഇതുവരെ 12ഓളം പേർ അപകടത്തിൽപെട്ട് മരിച്ചിട്ടുണ്ട്.
പ്രചാരണം ലഭിക്കാതെ ചെല്ലാർകോവിൽ
ചെല്ലാർകോവിൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വിദേശ-സ്വദേശ ടൂറിസ്റ്റുകളുടെ വിഹാരഭൂമിയാണെങ്കിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തത് വിനയാകുകയാണ്. വാച്ച്ടവറും തമിഴ്നാടിന്റെ വിദൂര ദൃശ്യവുമാണ് പ്രധാന ആകർഷണം. അതോടൊപ്പം ആയുർവേദ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ഇക്കോ പാർക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ എന്നിവയും പ്രധാന സവിശേഷതകളാണ്. എന്നാൽ, വേണ്ടത്ര പ്രചാരണം ലഭിക്കാത്തത് സഞ്ചാരികളുടെ വരവ് ഇല്ലാതാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
യഥാർഥ ചിത്രശലഭത്തിന്റെ അതെ മികവോടെ നിർമിച്ച ചിത്രശലഭത്തിനു മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്ത് സ്വയംചിത്രശലഭമാകാനുള്ള അവസരമാണ് ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ, ഇതിനും വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. സർക്കാറും തദ്ദേശ സ്ഥാപനങ്ങളും കാണിക്കുന്ന അവഗണനയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
അയ്യപ്പൻകോവിൽ തൂക്കുപാലം അപകടാവസ്ഥയിൽ
അയ്യപ്പൻകോവിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ തൂക്കുപാലം അപകടാവസ്ഥയിലാണ്. പാലത്തിൽ കയറാവുന്ന വിനോദസഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കപ്പോഴും ഇതിലേറെ പേർ കയറുന്നതാണ് പ്രശ്നം. കൈവരികളിലെ ബോൾട്ടുകൾ ഇളകിയ നിലയിലാണ്. അഞ്ചുരുളിയിലെത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും അയ്യപ്പൻകോവിലിലും എത്താറുണ്ട്. ഇവിടെ ജലാശയത്തിൽ ഇറങ്ങുന്നത് അപകടത്തിന് ഇടവരുത്തും.
തൂക്കു പാലം നവീകരിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. നാടൻവള്ളങ്ങളിലാണ് ഇവിടെ ടൂറിസ്റ്റുകൾ ജലാശയത്തിൽ ഉല്ലസിക്കാൻ കയറുന്നത്. ഇതിന് പകരം ബോട്ട് ഇറക്കിയാൽ നിരവധി ടൂറിസ്റ്റുകൾക്ക് അത് പ്രയോജനം ചെയ്യും. ഒപ്പം കെ.എസ്.ഇ.ബിക്ക് വരുമാനം ഉണ്ടാകുകയും ചെയ്യും. എന്നാൽ, ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് പ്രദേശത്തെ ടൂറിസ്റ്റുകളിൽനിന്ന് അകറ്റുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.