ഡി.ടി.പി.സി ഹോട്ടൽ കാടുകയറി നശിക്കുന്നു; സർക്കാറിന് ലക്ഷങ്ങൾ നഷ്ടം
text_fieldsഅടഞ്ഞുകിടക്കുന്ന ഡി.ടി.പി.സി ഹോട്ടൽ കെട്ടിടം
ചെറുതോണി: സര്‍ക്കാരിനു വരുമാനവും, ജനങ്ങള്‍ക്ക് ഉപകാരവുമായിരുന്ന ഹോട്ടൽ കെട്ടിടം യാതൊരു കാരണവുമില്ലാതെ അടച്ചുപൂട്ടി .ഒരു വര്‍ഷം കഴിഞ്ഞിട്ടും തുറന്നില്ല.ഇതുമൂലം കെട്ടിടം കാടുകയറി നശിക്കുകയാണ്.ഡി.ടി.പി.സിയുടെ കീഴില്‍ ഇടുക്കി മെഡിക്കല്‍ കോളജിനു സമീപം പാറേമാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരിക്കുന്നത്.കെട്ടിടവും ഉപകരണങ്ങളും നശിക്കുന്ന സ്ഥിതിയാണ്. വിനോദ സഞ്ചാര വികസനത്തിനുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിശ്രമകേന്ദ്രമായിട്ടാണ് ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
തുടർന്ന് ഉദ്ഘാടനം നടത്താതെ 10 വര്‍ഷത്തിലധികം അടച്ചിട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നടത്തുവാൻ വര്‍ഷം അഞ്ചു ലക്ഷം രൂപ വാടകക്ക് നല്കി. അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. പുതിയ ടെന്‍ഡര്‍ പ്രകാരം വാടകയും നികുതിയും ഉള്‍പ്പെടെ 976000 രൂപക്കാണ് കരാര്‍ നല്‍കിയത്. ഇതിനായി കരാറുകാരി ഒരു ലക്ഷം രൂപ അഡ്വാന്‍സും നല്കി. എന്നാല്‍ പിന്നീട് ഒരു കാരണവുമില്ലാതെ കരാർ റദ്ദാക്കിയെന്ന് ഡി.ടി.പി.സി കരാറുകാരിയെ അറിയിച്ചു.
ഒരു മാസത്തിനു ശേഷം കരാറുകാരിക്ക് തുക തിരിച്ചു നല്‍കിയെങ്കിലും കെട്ടിടം നവീകരിച്ച വകയിലും പാത്രങ്ങൾ വാങ്ങിയ ഇനത്തിലും ഉണ്ടായ നഷ്ടം നൽകിയില്ല. ഉപകരണങ്ങള്‍ വാങ്ങിയതിലും അഡ്വാന്‍സ് പണം നല്‍കുന്നതിന് വാങ്ങിയ പണത്തിന്റെ പലിശയും ഉള്‍പ്പടെ രണ്ടു ലക്ഷത്തിലധികം രൂപ നഷ്ടം വന്നതായി കരാറുകാരി പറയുന്നു.
ടെന്‍ഡര്‍ നടപടി റദ്ദു ചെയ്തതിനു ശേഷം വീണ്ടും കരാര്‍ വിളിച്ചെങ്കിലും ആദ്യം കരാറെടുത്ത വനിത സംരംഭക കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ ഹോട്ടല്‍ തുറക്കാൻ സാധിച്ചില്ല. ഒരു വര്‍ഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന കെട്ടിടം നനഞ്ഞും ചിതലു കയറിയും ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ നശിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിനു ചുറ്റും കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമായി മാറി. ജില്ലാ ആസ്ഥാന മേഖലയിൽ ചെറുതോണി ഉള്‍പ്പടെ ടൗണുകളില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്ത സാഹചര്യത്തിൽ പാറേമാവിലുണ്ടായിരുന്ന ഹോട്ടലിനു സമീപം 100 വാഹനങ്ങള്‍ വരെ പാര്‍ക്കു ചെയ്യുവാൻ സൗകര്യമുണ്ടായിരുന്നു. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിക്കുവാനും ജലാശയത്തില്‍ ബോട്ടിങിനുമായി ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായിരുന്ന ഹോട്ടലിനാണ് ചില ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പൂട്ടു വീണത്.
ഹോട്ടല്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്താണ് വിനോദ സഞ്ചാരികള്‍ എത്തിയിരുന്നത്. ഹോട്ടലിനോടൊപ്പം സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ലഭിച്ചിരുന്നു.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു ഈ ഹോട്ടല്‍. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടച്ചിട്ടതുമൂലം ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്.തര്‍ക്കം പരിഹരിച്ച് വിനോദ സഞ്ചാരികളുള്‍പ്പെടെ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്രദമായ പാറേമാവിലെ സര്‍ക്കാര്‍ ഹോട്ടല്‍ അടിയന്തിരമായി തുറന്നുപ്രവര്‍ത്തിക്കുവാൻ ഡി.ടി.പി.സിയും കലക്ടറും മുൻകൈ എടുത്തില്ലെങ്കിൽ ലക്ഷങ്ങൾ വെള്ളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

