ചൂട് കനത്തു; ഏലം മേഖല കടുത്ത പ്രതിസന്ധിയില്‍
text_fieldsഹൈറേഞ്ചിലെ ഏലം തോട്ടം സന്ദര്‍ശിക്കുന്ന കാര്‍ഷിക വിദഗ്ധനും തോട്ടം ഉടമയും
നെടുങ്കണ്ടം: ചൂട് കനത്തതോടെ ഏലം മേഖലയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിൽ. ഇത്തവണ 60 ശതമാനത്തിലധികം വിളവ് കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മണ്‍സൂണ്‍ മഴ ഇത്തവണ പേരിന് മാത്രമാണ് ഇടുക്കിയില്‍ ലഭിച്ചത്. മഴ കുറഞ്ഞതോടെ ആദ്യഘട്ട വിളവെടുപ്പ് പല മേഖലകളിലും പ്രതിസന്ധിയിലായി. മിക്ക കൃഷിയിടങ്ങളിലും പൂക്കളുണ്ടാകുന്നതും കായ് പിടിത്തവും ഗണ്യമായി കുറഞ്ഞു.
മികച്ച വില ലഭിക്കുമ്പോഴും വിളവ് വന്‍തോതില്‍ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൂക്കളെല്ലാം കൊഴിഞ്ഞുപോയി ശരം മാത്രമായി. നിറയെ കായ്കളുമായി നില്‍ക്കേണ്ട ശരങ്ങളിലൊന്നിലും കായ്കളില്ല. വിരിഞ്ഞ പൂക്കളെല്ലാം കൊഴിഞ്ഞുപോയി. രണ്ട് റൗണ്ട് കായ്കള്‍ എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. മൂന്നും നാലും കായ്കളുമായാണ് പല ശരങ്ങളും നില്‍ക്കുന്നത്. ഏലം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
ടണ്‍ കണക്കിന് ഏലം വിളവെടുക്കേണ്ട സമയത്ത് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞത് കായ്കള്‍ എടുക്കുന്ന തൊഴിലാളികളെയും സാരമായി ബാധിച്ചു. വിളവെടുപ്പ് കുറഞ്ഞതോടെ പലര്‍ക്കും ഇത്തവണ തൊഴില്‍ ദിനങ്ങളും കുറവായിരിക്കും. ഒറ്റവിളവെടുപ്പോടെ പണികള്‍ നിര്‍ത്തിെവക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നാട്ടിലേക്ക് പോയ അന്തര്‍ സംസ്ഥാന തൊഴിലാളികളോട് മടങ്ങിവരേണ്ട എന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മിക്ക തോട്ടം ഉടമകളും.
മഴ കുറഞ്ഞതോടെ ഓരോ മാസവും ചെയ്യേണ്ട വളപ്രയോഗവും പ്രതിസന്ധിയിലായി. ഏലം പുനഃകൃഷി ചെയ്ത കര്‍ഷകര്‍ തൈ ചെടികള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. പല മേഖലകളിലും ചെടികള്‍ നനക്കുന്നത് നേരത്തെ തന്നെ ആരംഭിച്ചു. ഏലം മേഖല പ്രതിസന്ധിയിലായതോടെ മേഖലയെ ആശ്രയിച്ചുകഴിയുന്ന പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലായി. കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

