അജ്ഞാത സംഘം രാത്രിയിൽ ഹോട്ടൽ അടിച്ചുതകർത്തു; പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsഅടിമാലി: ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ അജ്ഞാത സംഘം രാത്രിയിൽ അടിച്ചുതകർത്തു. അടിമാലി ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടലാണ് ശനിയാഴ്ച രാത്രി അടിച്ചുതകർത്തത്. ഹോട്ടലിന്റെ വാട്ടർ ടാങ്ക്, വാട്ടർ ഫിൽറ്റർ ബാത്ത്റൂമുകൾ എല്ലാം അടിച്ചുതകർത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് അക്രമം നടന്ന വിവരം ഹോട്ടലുടമ അറിയുന്നത്. സംഭവം സംബന്ധിച്ച് ഹോട്ടലുടമ അടിമാലി പൊലീസിൽ പരാതി നൽകി.
അടിമാലി മർച്ചന്റ്സ് അസോസിയേഷൻ അംഗമായ അടിമാലി സ്വദേശി രാധാകൃഷ്ണനാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടൽ പ്രവർത്തിക്കുന്ന സ്ഥലം ലീസിനെടുത്ത് ഇദ്ദേഹം തന്നെയാണ് കെട്ടിടം നിർമിച്ച് ഹോട്ടലിന്റെ പ്രവർത്തനം തുടങ്ങിയത്. അടിമാലി സ്വദേശി പുത്തയത്ത് വർഗീസിന്റെതാണ് സ്ഥലം. പ്രതിമാസം നാൽപതിനായിരം രൂപയാണ് രാധാകൃഷ്ണൻ തറവാടകയായി നൽകിയിരുന്നത്. അടുത്തിടെ ഭൂവുടമ, രാധാകൃഷ്ണനോട് ഇവിടെനിന്നും ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടാവുകയും മർച്ചന്റ് അസോസിയേഷൻ ഇടപെട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നെങ്കിലും പരിഹാരമായില്ല. ഭൂവുടമയുടെ നടപടിക്കെതിരെ ഹോട്ടൽ ഉടമ കഴിഞ്ഞദിവസം കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച രാത്രി അജ്ഞാത സംഘം ഹോട്ടലും അനുബന്ധ സംവിധാനങ്ങളും അടിച്ചുതകർത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി മർച്ചന്റ് അസോസിയേഷന് നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അസോസിയേഷൻ പ്രസിഡൻറ് പി.എം. ബേബി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

