മകന്റെ ക്രൂരമർദനത്തിനിരയായ വയോധികക്ക് വീണ്ടും നീതിനിഷേധം; വൈദ്യുതി വിഛേദിച്ച് കെ.എസ്.ഇ.ബി
text_fieldsകട്ടപ്പന: പാറക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് പരിക്കേറ്റ വയോധികയെ ചികിത്സക്കുശേഷം വീട്ടിലെത്തിച്ചെങ്കിലും മർദനത്തിൽ പിടിയിലായ മകൻ പ്രസാദിന്റെ ഭാര്യ വയോധികയുടെ മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി. ഇതോടെ പരിക്കേറ്റ് ചികിത്സയിലുള്ള വയോധിക ഇരുട്ടിലായി. വിഷയത്തിൽ പൊലീസ് നടപടിക്കെതിരെ വാർഡ് കൗൺസിലറും നാട്ടുകാരും രംഗത്തുവന്നു.
ഏപ്രിൽ 23നാണ് 75കാരിയായ കൊല്ലപ്പള്ളി കമലമ്മയെ മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് മർദിച്ചത്. മകനും ഭാര്യയും കമലമ്മയും തമ്മിൽ മുമ്പ് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായ കേസുകൾ കോടതിയിലാണ്. സംഭവത്തിൽ പ്രസാദ് ജയിലാണ്. വിവരം അറിയിച്ചെങ്കിലും പ്രസാദിന്റെ ഭാര്യക്ക് അനുകൂലമായ രീതിയിലാണ് പൊലീസിന്റെ ഇടപെടൽ എന്നാണ് ആരോപണം. കമലമ്മയുടെ മൊഴിയിൽ മരുമകൾ സ്ഥിരമായി ഉപദ്രവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
വയോധിക നേരിടുന്ന ശാരീരിക പീഡനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ അടക്കമുള്ള ഉന്നതാധികാരികൾക്ക് നാട്ടുകാരും കൗൺസിലറും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസ് അധികൃതർ വീട് സന്ദർശിച്ചു. എന്നാൽ, സന്ദർശനം മാത്രമാണ് നടക്കുന്നതെന്നും വയോധികക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.