കേരള ചിക്കന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു
text_fieldsതൊടുപുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതിനായി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കാനുള്ള യൂനിറ്റുകള്‍ ആരംഭിക്കാന്‍ ആരും മുന്നോട്ട് വരാതിരുന്നതിനാല്‍ തടസ്സം നേരിടുകയായിരുന്നു. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളില്‍ സ്വകാര്യ മേഖലയില്‍ കോഴി ഫാം യൂനിറ്റുകള്‍ കണ്ടെത്തിയാണ് ജില്ലയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.
പദ്ധതിയുമായി സഹകരിക്കുന്ന സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയിരുന്നു. ഫാം നടത്താൻ ശാസ്ത്രീയ പരിശീലനവും നല്‍കിയെങ്കിലും പിന്നീട് പദ്ധതിയുമായി വബന്ധപ്പെട്ട് ആരും മുന്നോട്ടു വരാതിരുന്നതിനാല്‍ പദ്ധതി ജില്ലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലും കേരള ചിക്കന്‍ പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നുണ്ട്.
കോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്. സംസ്ഥാനത്ത് പല ജില്ലകളിലും നടപ്പാക്കിയിരിക്കുന്ന പദ്ധതിയില്‍ കൂടുതല്‍ സംരഭകരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലും പദ്ധതി ആരംഭിക്കാന്‍ ലക്ഷ്യമിട്ടത്. കോഴികളെ വളര്‍ത്തി നല്‍കുന്നതിലൂടെ കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് സ്ഥിര വരുമാനം നേടാം. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളില്‍ അഞ്ചു യൂനിറ്റുകള്‍ കണ്ടെത്തി അവിടെ ഫാം തുടങ്ങാനാണ് പദ്ധതിയെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പറഞ്ഞു.
കേരള ചിക്കന്‍ പദ്ധതി പ്രകാരം ഫാം ആരംഭിക്കാനുള്ള യൂനിറ്റുകള്‍ സജ്ജമായതായി കുടുംബശ്രീ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ല കുടുംബശ്രീ മിഷന്‍ കത്ത് നല്‍കി. കുടുംബശ്രീ നല്‍കുന്ന സബ്‌സിഡിയോടെയാണ് ഫാം പ്രവര്‍ത്തന സജ്ജമാക്കുന്നത്. 1000 മുതല്‍ 10000 വരെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പര്യാപ്തമായ സ്ഥല സൗകര്യമാണ് തയാറാക്കുന്നത്. സംരംഭകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ സൗജന്യമായി നല്‍കും. കൂട് കുടുംബശ്രീ തയാറാക്കി നല്‍കും.
വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകള്‍ നടത്തുന്ന കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് വഴി വില്‍പന നടത്തും. ഇപ്പോള്‍ കോഴിയിറച്ചി ഉപയോഗിച്ചുള്ള മൂല്യ വര്‍ധിത ഉൽപന്നങ്ങളും മറ്റ് ജില്ലകളിലെ ഔട്ട്‌ലറ്റുകള്‍ മുഖേന വിപണിയിലെത്തിക്കുന്നുണ്ട്.
40 ദിവസം വളര്‍ച്ചയെത്തുമ്പോഴാണ് കോഴികളെ തിരിച്ചെടുക്കുന്നത്. 10000 കോഴിയെ വളര്‍ത്തുന്ന സംരംഭകന് എല്ലാ ചെലവുകളും കഴിഞ്ഞ് ഒന്നര ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു. നിലവില്‍ സ്വന്തം നിലക്ക് ബ്രോയ്‌ലര്‍ ഫാം നടത്തുന്നവര്‍ക്കും പുതുതായി ഫാം ആരംഭിക്കാന്‍ താൽപര്യമുള്ളവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താവാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

