പെരിയാർ കടുവ സങ്കേതത്തിൽ 228 ഇനം പക്ഷികൾ
text_fieldsപെരിയാർ കടുവ സങ്കേതത്തിൽ പക്ഷി സർവേ നടത്തുന്നു
കുമളി: പെരിയാർ കടുവ സങ്കേതത്തിൽ നടത്തിയ സർവേയിൽ 228 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉൾപ്പെടുന്നു.
വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട 33 ഇനത്തിൽപ്പെട്ട പക്ഷികളെയും പശ്ചിമഘട്ടത്തിൽ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയിൽ ഉൾപ്പെടുന്നു. നാല് ഇനം പക്ഷികളെ പുതുതായി കണ്ടെത്തി. ബ്ലൂ ത്രോട്ട് (Luscinia svecica), ടോണി പിപിറ്റ് (Anthus campestris), അൾട്രാമറൈൻ ഫ്ലൈ കാച്ചർ (Ficedula superciliaris), റെഡ് ബ്രസ്റ്റഡ് ഫ്ലൈ കാച്ചർ (Ficedula parva) എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ പെരിയാർ കടുവ സാങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ പക്ഷി ഇനങ്ങൾ 345 ആയി.
പെരിയാർ കടുവ സങ്കേതത്തിൽ കണ്ടെത്തിയ പക്ഷികൾ
ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് സർവേ നടന്നത്. ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 28 സ്ഥലങ്ങളിൽ കേരള കാർഷിക സർവകലാശാല, ബംഗളൂരു സെന്റർ ഫോർ വൈൽഡ്ലൈഫ് സ്റ്റഡീസ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, മലബാർ ക്രിസ്ത്യൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും തിരുവനന്തപുരം സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്, കോട്ടയം നേച്ചർ സൊസൈറ്റി, മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഉൾപ്പെടെ പരിസ്ഥിതി സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും, പക്ഷി വിദഗ്ധരും ഉൾപ്പെടെ 54 പേർ വനംവകുപ്പ് ജീവനക്കാർക്കൊപ്പം കണക്കെടുപ്പിൽ പങ്കെടുത്തു.
സർവേക്ക് പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റുകൾ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.