ഒടുവിൽ കണ്ണ് തുറന്ന് അധികൃതർ... തേക്കടി റോഡിലെ അപകടകരമായ മുളകൾ മുറിച്ചുമാറ്റി
text_fieldsതേക്കടി ആനവച്ചാൽ ഭാഗത്തെ മുളകൾ അധികൃതർ വെട്ടിനീക്കുന്നു( ഇൻസൈറ്റിൽ മാധ്യമം വാർത്ത)
കുമളി: തേക്കടിയിലേക്കുള്ള പ്രവേശന കവാടത്തിൽ അപകടത്തിന് വഴിയൊരുക്കി ദിവസങ്ങളായി തൂങ്ങിയാടി നിന്ന മുളകൾ ഒടുവിൽ അധികൃതർ മുറിച്ചുനീക്കി. തേക്കടിയിലെ വനം വകുപ്പ് പാർക്കിങ് ഗ്രൗണ്ടായ ആനവാച്ചാൽ മുതൽ അമ്പാടിക്കവല വരെ, അപകടം സൃഷ്ടിക്കും വിധം മുളകൾ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്നത് നാട്ടുകാരിൽ ഭീതി സൃഷ്ടിച്ചിരുന്നു.
തേക്കടി ബോട്ട്ലാൻഡിങ്ങിലേക്കുള്ള വിനോദ സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളും നാട്ടുകാരുടെ വാഹനങ്ങളും കടന്നു പോകുന്ന റോഡിനുമുകളിലേക്കാണ് ഉണങ്ങിയ മുളകൾ ചാഞ്ഞുകിടന്നിരുന്നത്. റോഡരുകിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും ഇതുവഴി നടന്നു പോകുന്ന വിനോദ സഞ്ചാരികൾക്കും മുളകൾ വലിയ ഭീതിയാണ് സൃഷ്ടിച്ചിരുന്നത്.
അപകട ഭീതിക്കിടയാക്കി മുളകൾ വൈദ്യുതി ലൈനിന് മുകളിലേക്ക് ചാഞ്ഞിട്ടും നടപടി ഇല്ലാത്തതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയതോടെയാണ് വനം, കെ.എസ്.ഇ.ബി.അധികൃതർ ഉണർന്നത്. വനം വകുപ്പ് വാച്ചർമാരുടെ സഹായത്തോടെ പ്രദേശത്ത് ഉണങ്ങി ചാഞ്ഞ് അപകട ഭീതി ഉയർത്തി നിന്നിരുന്ന മുളകളിൽ മിക്കതും വെട്ടി നീക്കി. മുളകൾ വെട്ടി നീക്കിയതോടെ കനത്ത കാറ്റിലും മഴയിലും താൽക്കാലികമെങ്കിലും ഭീതിയൊഴിഞ്ഞ ആശ്വാസത്തിലാണ് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.