മിഷൻ ഗോത്രഭേരി; കാടാണ് ജീവനും ജീവിതവും; മനസ്സു തുറന്ന് കാടിന്റെ മക്കൾ
text_fieldsതേക്കടി ബാംബൂ ഗ്രോവിൽ നടന്ന ആദിവാസി സെമിനാർ
കുമളി: ആനക്കാട്ടിൽ ജീവിച്ചവരാ ഞങ്ങൾ, ഞങ്ങളെ ഒരു ജീവിയും ഉപദ്രവിക്കാറില്ല. നിൽക്കാൻ പറഞ്ഞാൽ ആന നിൽക്കും പോകാൻ പറഞ്ഞാൽ പോകും... ആദിവാസികളും വനവും വന്യജീവികളും തമ്മിൽ വലിയ ബന്ധമുണ്ട്... വനത്തിൽ പാലിക്കേണ്ട മര്യാദകളുണ്ട്, അങ്ങനെയാണ് ഞങ്ങൾ കാട്ടിലെ ജീവികളെ നിലക്കു നിർത്തിയിരുന്നത്. അവയെ ഉപദ്രവിച്ചാൽ മാത്രമേ തിരിച്ച് ഉപദ്രവിക്കുകയുള്ളൂ സാറേ...
മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വ്യാപ്തി ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ഗോത്രവിഭാഗത്തിൽ കാലാകാലങ്ങളായി സ്വീകരിച്ചുവരുന്ന പരമ്പരാഗത പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കുന്നതിനായി സർക്കാർ ‘മിഷൻ ഗോത്രഭേരി’എന്ന പദ്ധതിക്ക് രൂപംനൽകിയിരുന്നു.
പദ്ധതിയുടെ ഭാഗമായി പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ്-വെസ്റ്റ് ഡിവിഷനുകൾ, കോട്ടയം വനം ഡിവിഷനിലെ എരുമേലി റേഞ്ചിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ, മന്നാക്കുടി, പളിയക്കുടി, വഞ്ചിവയൽ, മൂഴിക്കൽ, അട്ടത്തോട്, കോസടി, പ്ലാക്കത്തടം, മുരിക്കുംവയൽ, കൊമ്പുകുത്തി, കൊയ്നാട്, തുവരമ്പാറ, കുറ്റിപ്ലങ്ങാട്, പുലിക്കുന്ന്, മാങ്ങാപ്പേട്ട, ആനക്കല്ല്, പാക്കാനം പുഞ്ചവയൽ, എലിവാലിക്കര, ഇരമ്പുന്നിക്കര, കാളകെട്ടി എന്നിങ്ങനെ 20 ഗോത്ര മേഖലകളിൽനിന്നുള്ള 51 പ്രതിനിധികളെ പങ്കെടുപ്പിച്ച് തേക്കടിയിൽ നടന്ന ഏകദിന സെമിനാറിലാണ് ആദിവാസികൾ വനപാലകർക്കു മുന്നിൽ മനസ്സ് തുറന്നത്.
കാടിനുള്ളിലെ ജീവിതം മുതൽ ഇപ്പോൾ കാടിനും നാടിനും ഇടയിൽപെട്ടുപോയ ജീവിതത്തിലെ പ്രശ്നങ്ങൾ വരെ ആദിവാസി കുടുംബങ്ങൾ അക്കമിട്ടു പറഞ്ഞപ്പോൾ കേട്ടിരുന്ന വനപാലകരിലും കൗതുകവും ആശങ്കകളും നിറഞ്ഞു. ആദിവാസികളിൽ നിന്നുള്ള അറിവുകൾ ശേഖരിച്ച് ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം അവയെ ക്രീയാത്മകമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘മിഷൻ ഗോത്രഭേരി’സംസ്ഥാന കോഓഡിനേറ്റർ രാജു കെ. ഫ്രാൻസിസ്, കെ.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.വി. രഘു എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.