തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം
text_fieldsഇന്നാരംഭിക്കുന്ന തേക്കടി പുഷ്പമേളയുടെ ഒരുക്കം അവസാന ഘട്ടത്തിൽ
കുമളി: ഗ്രാമപഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്നു ഒരുക്കുന്ന 17-ാമത് തേക്കടി പുഷ്പമേള ഇന്നു മുതൽ ഏപ്രിൽ 20 വരെ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നടക്കും.
മണ്ണാറത്തറയിൽ ഗാർഡൻസ് ഒരുക്കുന്ന മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിലുള്ള, ഒരു ലക്ഷത്തിൽപരം പൂച്ചെടികളുടെ പ്രദർശനമാണ് മേളയുടെ മുഖ്യ ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ റൈഡുകൾ ഉൾപ്പെടുന്ന അമ്യൂസ്മെന്റ് പാർക്കും മേളയോടനുബന്ധിച്ചുണ്ട്.
ജില്ല-സംസ്ഥാന തലങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ ആദരിക്കുന്ന പ്രതിഭാ സംഗമം മേളയുടെ ഭാഗമായി നടത്തും. കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും വയോജനങ്ങളെ മേളയിൽ എത്തിച്ച് വിനോദവിജ്ഞാന പരിപാടികൾ സംഘടിപ്പിക്കും. എല്ലാദിവസവും വൈകുന്നേരങ്ങളിൽ നാടൻപാട്ട്, നൃത്തപരിപാടികൾ, ഗാനമേളകൾ എന്നിവ അരങ്ങേറും.
29-ന് സിനിമ - സീരിയൽ താരം ശാലുമേനോൻ നേതൃത്വം നൽകുന്ന നൃത്തശില്പവും ഏപ്രിൽ 5-ന് പ്രസീദ ചാലക്കുടിയുടെ സംഗീത വിരുന്നും ഉണ്ടാകും. മേളയുടെ ഉദ്ഘാടനം 28ന് വൈകിട്ട് ആറിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. മികവിന്റെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട കുമളി ഗവ. ട്രൈബൽ യു.പി.സ്കൂളിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും ആദരിക്കും.
മേളയുടെ വിജയകരമായ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻ ചെയർപേഴ്സനായും ഷാജി മണ്ണാറത്തറയിൽ, റ്റി.റ്റി.തോമസ് എന്നിവർ ജനറൽ കൺവീനർമാരായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സിദ്ധിഖ്, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ 101 അംഗ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം നടന്നു വരുന്നതായി ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.