വ്യാപാരിയെ കബളിപ്പിച്ച് ഏലക്ക തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകുമളി: വണ്ടിപ്പെരിയാറിൽ ഏലക്ക വ്യാപാരിയെ കബളിപ്പിച്ച് അഞ്ച് കിലോ ഏലക്ക തട്ടിയെടുത്ത് കടന്ന രണ്ടുപേരെ പൊലീസ് പിന്തുടർന്ന് പിടികൂടി. മലപ്പുറം, ഇരണിമാങ്ങാട് സ്വദേശികളായ വലിയാട് ഹൗസിൽ മുഹമ്മദ് ഷെരീഫ് (21), കാട്ടിക്കുന്നേൽ വീട്ടിൽ ആബിദ് അലി (44) എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ സുലൈമാൻ ഇബ്രാഹിം എന്ന ആളിൽനിന്നാണ് ഇവർ ഏലക്ക തട്ടിയെടുത്തത്.
ഗൾഫിലേക്ക് അയക്കാനെന്ന പേരിൽ അഞ്ച് കിലോ ഏലക്ക വാങ്ങിയ ശേഷം ഗൂഗിൾപേ ചെയ്തതായി ഇവർ മെസേജ് കാട്ടി. ഏലക്കായുമായി ബൈക്കിൽ കയറി സ്ഥലം വിട്ടു. എന്നാൽ, വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം വരാതിരുന്നതോടെ തട്ടിപ്പ് മനസ്സിലാക്കി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമളി ഭാഗത്തേക്ക് പോയ തട്ടിപ്പുകാരെ എസ്.ഐ. ശ്രീലാൽ, എ.എസ്.ഐ അക്ബർ അലി, ഉദ്യോഗസ്ഥരായ ഷമീർ, ബഷീർ, ഷൈൻ, അനീഷ് എന്നിവർ ചേർന്ന് വാഹനത്തിൽ പിന്തുടർന്നാണ് പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ഷരീഫിന്റെ പേരിൽ മലപ്പുറം ജില്ലയിൽ സമാനമായ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

