സഞ്ചാരികൾക്ക് കൗതുകം പകർന്ന് ഒരു19കാരിയുടെ ചുമർചിത്രങ്ങൾ
text_fieldsകുമളി ടൗണിലെ ചുമരിൽ ചിത്രം വരക്കുന്ന അർച്ചന
കുമളി: തേക്കടി കാണാനെത്തുന്ന വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾക്ക് കൗതുകമായി തേക്കടി-ബൈപാസിലെ ചുമർചിത്രങ്ങൾ. ടൗണിലെ പോസ്റ്റ് ഓഫിസിന്റെ ചുറ്റുമതിലിലാണ് 19കാരി അർച്ചന ടി. ബിജു വരച്ച കൗതുകം പടർത്തുന്ന ചുമർചിത്രങ്ങൾ നിറഞ്ഞത്. ഗ്രാമപഞ്ചായത്തിന്റെ ‘മാലിന്യമുക്ത കുമളി’ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ചിത്രങ്ങൾ.
പിതാവും ആർട്ടിസ്റ്റുമായ തേക്കടി തുണ്ടിൽപീടികയിൽ ടി.എസ്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ് അർച്ചന. പിതാവിൽനിന്ന് കണ്ടും കേട്ടും പഠിച്ചതാണ് അർച്ചനയുടെ ചിത്രരചനയുടെ പാഠങ്ങൾ. തൊടുപുഴയിലെ സ്വകാര്യ കോളജിൽ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ഡിപ്ലോമ രണ്ടാം വർഷ വിദ്യാർഥിനിയാണ് അർച്ചന. അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ചിത്രങ്ങൾ വരക്കാൻ പിതാവിനൊപ്പം കൂടിയത്.
പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുകയെന്ന വലിയ ദൗത്യത്തിന്റെ ഭാഗമാകാൻ ചിത്രരചനയിലൂടെ കഴിഞ്ഞതിൽ അർച്ചനക്കും മകൾ എത്തിയതോടെ പടങ്ങളും എഴുത്തും കൂടുതൽ വേഗത്തിലും ഭംഗിയിലും ചെയ്യാനായതിൽ ബിജുവിനും സന്തോഷം. രാഷ്ട്രീയ കക്ഷികളുടെ ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞ് നിറം മങ്ങിയ ചുവരിൽ പുതിയ നിറങ്ങളും ജീവൻ തുടിക്കുന്ന ചിത്രങ്ങളും ഇടം പിടിച്ചപ്പോൾ സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും കൗതുകം. അർച്ചനക്ക് ഒരു സഹോദരനാണുള്ളത്. അസമിൽ സ്കൂൾ അധ്യാപകനായ അനന്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.