വൈദ്യുതി കമ്പിക്കിടയിലൂടെ വളർന്ന് മുളകൾ; കണ്ണടച്ച് കെ.എസ്.ഇ.ബി
text_fieldsകലക്ടറേറ്റിന് മുന്നിൽ വൈദ്യുതി കമ്പികൾക്ക് ഇടയിലൂടെ വളർന്ന മുളകൾ
ചെറുതോണി: ജില്ല ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ത്രി ഫേസ് വൈദ്യുതി കമ്പിക്കിടയിലൂടെ വളർന്നു നിൽക്കുന്ന മുളകൾ മുറിച്ചുമാറ്റാൻ നടപടിയില്ല. അടുത്ത് രണ്ടിടത്തായി ഇത്തരത്തിൽ മുളകൾ വളർന്നുനിന്നിട്ടും പതിവായി ഇവിടെ എത്തുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ കണ്ടതായിപോലും നടിക്കുന്നില്ലന്നാണ് പരാതി.
വൈദ്യുതി വകുപ്പിലെ ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥൻ മുതൽ താഴെ തട്ടിലെ ജീവനക്കാരൻ വരെ മാസം പലതവണ കലക്ടറേറ്റിലെത്താറുള്ള റോഡു വശത്താണ് ഈ കാഴ്ച. അപകടമുണ്ടായാൽ മാത്രമേ കെ.എസ്.ഇ.ബി ഉണരുകയുള്ളൂവെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.
മുളകൾ വളർന്നു നിൽക്കുന്നതിനടുത്ത് ജില്ല ഇൻഫർമേഷൻ ഓഫിസിനോട് ചേർന്ന് രണ്ട് വൈദ്യുതി തൂണുകളിൽ സ്റ്റേ വയറിലൂടെ കാട്ടുവള്ളികൾ വളർന്ന് കമ്പിയിലെത്തിയിട്ടും വെട്ടിമാറ്റാൻ അധികൃതർ തയാറായിട്ടില്ല.
കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി തടസ്സവും പതിവാണ്. പലപ്പോഴും ലൈനിലെ ടച്ച് വെട്ടാൻ വൈദ്യുതി വിതരണം തടസ്സപ്പെടുത്താറുണ്ട്. എന്നാൽ, വൈദ്യുതി കമ്പികൾക്കിടയിലൂടെ വളർന്നു നിൽക്കുന്ന മുളയും വള്ളിപ്പടർപ്പും ഇവർ കാണാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.