ലക്കും ലഗാനുമില്ലാതെ ഗതാഗത സംവിധാനം
text_fieldsപരിമിതികളിൽ വീർപ്പുമുട്ടുന്ന നെടുങ്കണ്ടം ബസ് സ്റ്റാൻഡ്
ഇനിയും അഴിച്ചെടുക്കാനാവാത്ത ഗതാഗതകുരുക്ക് നെടുങ്കണ്ടത്തെ ശ്വാസം മുട്ടിക്കുന്നു. അപകടങ്ങൾ നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ജനങ്ങളുടെ പരാതികള്‍ക്കൊടുവില്‍ ട്രാഫിക് കമ്മിറ്റി നിർദേശിച്ച പരിഷ്കാരങ്ങളാകട്ടെ 12 വര്‍ഷമായിട്ടും ഫയലിൽ ഉറങ്ങുന്നു. ടൗണിലെ അലക്ഷ്യമായ പാര്‍ക്കിങും ഡ്രൈവിങും നിയന്ത്രിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
അനധികൃത പാർക്കിങ്ങാണ് മറ്റൊരു വെല്ലുവിളി. രാവിലെ റോഡിലേക്ക് വരെ കയറ്റി പാർക്ക് ചെയ്തു പോകുന്ന വാഹനങ്ങൾ വൈകീട്ടാണ് തിരിച്ചെടുക്കുക. റോഡിനു നടുവിൽ നിർത്തി തോന്നിയപോലെ ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസുകളെ നിയന്ത്രിക്കാനും ആരുമില്ല. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകള്‍ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലൻഡ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളും സ്ത്രീകളും വയോധികരും പെടാപ്പാട് പെട്ടാണ് റോഡ് മുറിച്ചുകടക്കുന്നത്. ചരക്ക് ലോറികൾ സാധനങ്ങള്‍ കയറ്റിയിറക്കാൻ മണിക്കൂറുകളാണ് റോഡിലേക്ക് കയറ്റി പാർക്ക് ചെയ്യുന്നത്. കോമ്പയാര്‍ റൂട്ടിലേക്കുള്ള ബസ് സ്റ്റോപ് കൂടിയാണിവിടം.
ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കിലും ചിലരുടെ എതിര്‍പ്പുമൂലം പാതിയിൽ നിർത്തി. പാത കൈയേറിയ പരസ്യ ബോർഡുകളാണ് മറ്റൊരു വില്ലൻ. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഗതാഗത ഉപദേശക സമിതി വര്‍ഷങ്ങള്‍ക്ക് മുമ്പ് 16 നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും ജലരേഖയായി മാറി. കിഴക്കേ കവല ബി.എഡ് സെന്റർ മുതല്‍ പടിഞ്ഞാറേ കവല ബസ് സ്റ്റാൻഡ് വരെയുള്ള സ്റ്റോപ്പുകളിലും ബസ് ബേ ഏര്‍പ്പെടുത്തിയാല്‍ ഗതാഗതക്കുരുക്ക് കുറക്കാനാകും.
ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ടെര്‍മിനലിന് ഒമ്പത് വർഷം മുമ്പ് തറക്കല്ലിട്ടെങ്കിലും പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല. കുറെ പാറപൊട്ടിച്ച് അനധികൃതമായി വില്പന നടത്തുക മാത്രം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ചെറിയ ബസ് സ്റ്റാൻഡിലാകട്ടെ അടിസ്ഥാന സൗകര്യങ്ങളില്ല. സന്ധ്യ ആയാല്‍ കൂരിരുട്ടാണ്. കെ.എസ്.ആര്.ടി.സി അടക്കം നൂറ് കണക്കിന് സര്‍വീസുകൾ എത്തുന്ന സ്റ്റാൻഡിലെ വിശ്രമകേന്ദ്രം നിലം പൊത്താറായി. മാലിന്യം കുമിഞ്ഞു കൂടി. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് തൊട്ടുപിന്നിലാണ് യാത്രക്കാര്‍ പലരും മൂത്രമൊഴിക്കുന്നത്. ഏറെ നാളത്തെ മുറവിളിക്കു ശേഷം നിർമിച്ച ശുചിമുറി രണ്ടാം നിലയിലായതിനാല്‍ ഉപയോഗിക്കാന്‍ പല യാത്രക്കാർക്കും കഴിയുന്നില്ല. വയോധികരും രോഗികളും ഭിന്നശേഷിക്കാരുമാണ് ഏറെ വലയുന്നത്. ബസ് സ്റ്റാൻഡിൽ സ്ഥല സൗകര്യം വളരെ കുറവാണ്. ചുറ്റിലും സ്വകാര്യ വ്യക്തികളുടെ ബഹുനില കെട്ടിടങ്ങളും ഷോപ്പിങ് കോംപ്ലക്സുകളുമാണുള്ളത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് 2015 സെപ്റ്റംബര്‍ 31ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ബസ് ടെര്‍മിനലിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. പിന്നീട് ഇങ്ങോട്ട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.