ഇടുക്കിയിൽ പ്രതിഷേധം കനത്തു; രാത്രിയാത്ര നിരോധനത്തിൽ വിശദീകരണവുമായി ജില്ല ഭരണകൂടം
text_fieldsതൊടുപുഴ: രാത്രിയാത്ര നിയന്ത്രണത്തിൽ ഇടുക്കിയിൽ പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി ജില്ല ഭരണകൂടം രംഗത്ത്. ജില്ലയിലാകെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചാണ് ജില്ല കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനുമായ ഡോ. ദിനേശൻ ചെറുവാട്ട് രംഗത്തെത്തിയത്. ജില്ലയിൽ പൊതുഗതാഗതത്തിനോ രാത്രിയാത്രക്കോ നിലവിൽ ഒരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി, വനമേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങൾക്കുള്ളിൽ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് ഒഴിവാക്കാൻ മൂന്നാർ, പീരുമേട്, ഉടുമ്പൻചോല പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് ജില്ല ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നു.
തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവത്കരിച്ച് സുരക്ഷ ഉറപ്പാക്കാൻ നൽകിയ ഈ കത്തിനെ, ജില്ലയിലാകെ രാത്രിയാത്ര നിരോധിച്ച ഉത്തരവായി ചിലർ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതാണ് ജനങ്ങളിൽ ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കിയത്. തോട്ടം മേഖലകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽനിന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ നിർദേശത്തെ രാത്രിയാത്ര നിരോധനമായി കാണേണ്ടതില്ല.
അതേസമയം, ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുമ്പോഴുള്ള മുന്നറിയിപ്പുകളും, വന്യജീവി ഭീഷണിയുള്ള സമയങ്ങളിൽ വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും നൽകുന്ന സുരക്ഷ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ വനംവകുപ്പ് നിർണയിച്ചിട്ടുള്ള ഹോട്ട്സ്പോട്ടുകളിൽ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ ഉറപ്പാക്കണം.
വിഷയത്തിൽ പൊതുജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റാൻ ജില്ല ഇൻഫർമേഷൻ ഓഫിസർക്കും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

