പീരുമേട്ടിൽ ഇക്കോ ലോഡ്ജ് തയാർ
text_fieldsപീരുമേട്ടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജ്
പീരുമേട്: ഇടുക്കി ജില്ലയിലെ വാഗമൺ, തേക്കടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പത്തനംതിട്ട ജില്ലയിലെ ഗവിയെയും കോർത്തിണക്കിയുള്ള ഇക്കോ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി പീരുമേട്ടിൽ ഇക്കോ ലോഡ്ജ് നിർമാണം പൂർത്തിയായി. 5.05 കോടി രൂപ ഉപയോഗിച്ചാണ് 12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവയടങ്ങുന്ന പദ്ധതി പൂർത്തിയാക്കിയത്. ചുവരുകള്‍, തറകള്‍, സീലിങ് മുതലായവ തേക്ക് തടിയിലാണ് നിര്‍മിച്ചത്.
കൂടാതെ ഇക്കോ ലോഡ്ജിന്റെ അധിക പ്രവൃത്തികള്‍ക്കായി 97.5 ലക്ഷം രൂപക്കും നവീകരണത്തിനും പരിപാലന പ്രവൃത്തികള്‍ക്കുമായി 1.38 കോടി രൂപക്കും ഭരണാനുമതി നല്‍കിയിരുന്നു. പാര്‍ക്കിങ് യാര്‍ഡ്, സംരക്ഷണ ഭിത്തിയും വേലിയും, മുന്‍വശത്തെ വഴി, പൂന്തോട്ടവും കളിസ്ഥലവും, ഇക്കോ ലോഡ്ജിന് ചുറ്റുമുള്ള ഇന്റര്‍ലോക്ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള വിശ്രമമുറിയിലേക്കുള്ള പാസേജ്, നടുമുറ്റം, ഇക്കോലോഡ്ജിന്റെ സര്‍വിസ് ബ്ലോക്ക്, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണത്തിനായുള്ള ക്രമീകരണങ്ങള്‍. ഗേറ്റിന്റെ നവീകരണം, പ്രവേശന കവാടത്തില്‍ ലോഗോയുള്ള കമാനം, സിഗ്നേച്ചര്‍ ബോര്‍ഡുകള്‍, വൈദ്യുതീകരണം എന്നിവയാണ് ഈ പദ്ധതിയിലുള്ളത്.
പീരുമേട് സർക്കാർ അതിഥി മന്ദിരത്തിന്റെ നവീകരണവും പൂർത്തിയായിട്ടുണ്ട്. 2020ല്‍ അതിഥി മന്ദിരത്തിന്റെ നവീകരണത്തിനായി 1.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഗസ്റ്റ് ഹൗസ് നവീകരണം, സര്‍വിസ് ബ്ലോക്ക് നവീകരണം, വാട്ടര്‍ ടാങ്ക്, പാര്‍ക്കിങ് ഷെഡ്, കോണ്‍ഫറന്‍സ് ഹാള്‍, വൈദ്യുതീകരണം, അനെക്സ് ബില്‍ഡിങ് എന്നിവ പൂര്‍ത്തീകരിച്ചു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് 1,79,59,678 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, പമ്പ് ഹൗസിന്റെ നവീകരണം, കിണര്‍ നവീകരണം, ഇക്കോലോഡ്ജ് വശത്തിന് സമീപമുള്ള ഗേറ്റ് പില്ലറിന്റെ നവീകരണം, ലാന്‍ഡ്സ്കേപ്പിങ് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇക്കോ ലോഡ്ജും നവീകരിച്ച സര്‍ക്കാര്‍ അതിഥി മന്ദിരവും ശനിയാഴ്ച രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.