പീരുമേട് താലൂക്ക് ആശുപത്രി ഐ.സി.യുവിൽ അടിയന്തര ചികിത്സ വേണം
text_fieldsപീരുമേട് താലൂക്ക് ആശുപത്രി
പീരുമേട്: ഡോകടർമാരും മരുന്നും ഇല്ല, താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയമായ ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തത് ആരോഗ്യ പരിപാലന രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
കെടുകാര്യസ്ഥതയും ആശുപത്രിക്കുള്ളിലെ ജീവനക്കാരുടെ ശീതസമരത്തിനും ഇരയാകുന്നത് രോഗികളാണ്. അപകടങ്ങളിൽ പരിക്കേറ്റ് എത്തിക്കുന്നവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവടങ്ങളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പനി മൂർച്ഛിച്ച് എത്തിയാലും റഫർ ചെയ്യുന്നു.
അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടറില്ല
ദേശീയപാത 183 ഉൾപ്പെടെയുള്ള റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ എല്ലുകൾ ഒടിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ അടിയന്തര ഘട്ടത്തിലും ചികിത്സ ലഭിക്കുന്നില്ല. അസ്ഥിരോഗ വിദഗ്ധൻ ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നു. ഡോക്ടർ സ്ഥലം മാറി പോയതിന് ശേഷം പകരം നിയമനം നടത്തിയിട്ടില്ല.
എക്സ് റേ പ്രവർത്തിക്കുന്നില്ല
ആറ് മാസത്തിലധികമായി എക്സ് റേ പ്രവർത്തിക്കുന്നില്ല. വിവിധ രോഗങ്ങളുമായി എത്തുന്നവർ ഡോക്ടറെ കണ്ടതിന് ശേഷം മുണ്ടക്കയത്ത് എത്തി എക്സ് റേ എടുത്താണ് തുടർചികിത്സ തേടുന്നത്.
മരുന്നിനുപോലും മരുന്നില്ല
വിവിധ രോഗങ്ങൾക്ക് ജനറൽ ഒ.പിയിലെ ഡോക്ടർമാർ മരുന്നിന് കുറിച്ചാലും ഫാർമസിയിൽ ഇവ ലഭിക്കുകയില്ല. ഫാർമസിയിൽ മരുന്ന് ഇല്ലാത്തത് നിർധനരായ രോഗികളെയാണ് ബാധിക്കുന്നത്.
സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് പണം നൽകി മരുന്ന് വാങ്ങാൻ സാധിക്കാത്തവർ ആശുപത്രിയിൽനിന്നും മരുന്ന് വാങ്ങാതെ മടങ്ങുകയാണ്.
ശീതസമരം പ്രവർത്തനത്തെ ബാധിക്കുന്നു
ജീവനക്കാർക്കിടയിലെ ശീതസമരം ചികിത്സയെ ബാധിക്കുന്നു. ശീതസമരത്തെ തുടർന്ന് ഫോറൻസിക് സർജൻ ദീർഘകാല അവധിയിൽ പ്രവേശിച്ചു. ഇതേതുടർന്ന് പോസ്റ്റ്മോർട്ടവും നടക്കുന്നില്ല.
മരണപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
പഞ്ചിങ് നടപ്പായില്ല
സർക്കാർ ഓഫിസുകളിൽ മിക്കവയിലും പഞ്ചിങ് നടപ്പാക്കിയെങ്കിലും ആശുപത്രിയിൽ പഞ്ചിങ് ഇല്ല. രാവിലെ 8.30ന് ഒ.പി ആരംഭിക്കുമെങ്കിലും ചില ജീവനക്കാർ 10ന് ശേഷമാണ് എത്തുന്നത്. വൈകി എത്തുന്നവരിൽ മിക്കവരും വർഷങ്ങളായി ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരാണ്.
രക്തസമ്മർദം, പനി തുടങ്ങിയവ പരിശോധിക്കുന്ന വിഭാഗത്തിലെ ദിവസവേതന ജീവനക്കാരി എന്നും വൈകി എത്തുന്നതായി രോഗികൾ പരാതിപ്പെട്ടു.
സാന്ത്വനമായി ശിശു രോഗ വിഭാഗം മികച്ചത്
പരാധീനതക്ക് നടുവിൽ പ്രവർത്തിക്കുമ്പോഴും ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങളിലെ ഡോക്ടർമാർ, അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ചിലർ എന്നിവരെക്കുറിച്ച് രോഗികൾക്ക് മികച്ച അഭിപ്രായമാണ്.
എല്ലാ മാസവും നിരവധി പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നത് ഗൈനക്കോളജി വിഭാഗത്തിന്റെ മികച്ച സേവനത്തിന്റെ ഭാഗമാണ്.
ഒ.പി വിഭാഗവും ഗതികേടിൽ
ദിനംപ്രതി 250ലധികം രോഗികൾ എത്തുന്ന ജനറൽ ഒ.പിയിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് രോഗികൾ ചികിത്സ തേടുന്നത്. ഒ.പി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരെ നിയമിച്ചാൽ തിരക്ക് കുറക്കാമെന്നിരിക്കെ നടപടി ഉണ്ടാകുന്നില്ല.
കിടപ്പുരോഗികൾ ദുരിതത്തിൽ
പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ വാർഡുകൾ ഒരു ഹാളിലാണ് പ്രവർത്തിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നു. 30ൽ താഴെ കിടക്കകളും നാല് കിടക്കകൾ വരാന്തയിലുമുണ്ട്.
ശുചിമുറികളും പൊതുവായി ഉപയോഗിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു ഹാളിൽ കിടപ്പുരോഗികളായി ചികിത്സ ലഭിക്കുന്ന ഏക ആശുപത്രിയെന്ന പദവിയും നിലനിൽക്കുന്നു.
കാർഡിയോളജി വിഭാഗം ഇല്ല
കാർഡിയോളജി വിഭാഗം ഇല്ലാത്ത താലൂക്ക് ആശുപത്രിയിൽ ഹൃദയസ്തംഭനമായി എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. അത്യാസന്ന നിലയിൽ എത്തിക്കുന്നവരെ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണം.
ഇവിടെനിന്ന് മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നവർ മരണത്തിന് കീഴടങ്ങുന്നു. ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്ക് കോടികൾ ചെലവഴിച്ച് നിർമാണം തുടരുകയാണ്.
കൂറ്റൻ കെട്ടിട സമുച്ചങ്ങൾ നിർമിക്കുമ്പോഴും രോഗികൾക്ക് സേവനം നൽകേണ്ട ഡോക്ടർമാർ ഇല്ല. മരുന്നുകളും ലഭിക്കുന്നില്ല. കോവിഡിന് ശേഷം പുരുഷന്മാർക്കും.സ്ത്രീകൾക്കും ഒരു ഹാളിൽ വാർഡ് ആയി ചുരുങ്ങി. കെടുകാര്യസ്ഥയുടെ പര്യായമായി ആശുപത്രി മാറുകയാണ്.
തോട്ടം തൊഴിലാളികൾക്കും. സാധാരണക്കാർക്കും ചികിത്സ ലഭിച്ചിരുന്ന ആശുപത്രിയുടെ ശോച്യാവസ്ഥക്ക് കാരണമെന്ന് ആരോപണം ഉയരുന്ന ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ആളിലെ സ്ഥലം മാറ്റി ആശുപത്രിയെ മികച്ച നിലയിൽ എത്തിക്കണമെന്നും ആവശ്യം ഉയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.