കാർഷിക-സാമ്പത്തിക മേഖലയെ കാട്ടാന തകർത്തെറിഞ്ഞു
text_fieldsപീരുമേട്-കുട്ടിക്കാനം റോഡിൽ രാത്രിയിൽ നിൽക്കുന്ന ആന
പീരുമേട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായത് കാർഷിക-സാമ്പത്തിക-വിനോദസഞ്ചാര മേഖലകളെ ബാധിച്ചു. മേഖലയിൽ കൃഷിഭൂമിയിൽ ആനക്കൂട്ടം ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. തെങ്ങ്, കമുങ്ങ്, വാഴ കൃഷികളാണ് ഏറെയും നശിപ്പിച്ചത്.
ഇതോടൊപ്പം ഏലച്ചെടികളും ചവിട്ടി നശിപ്പിക്കുന്നുണ്ട്. കാർഷിക മേഖലയായ പ്ലാക്കത്തടം കോളനിയിൽ 2016 മുതൽ ആനശല്യം രൂക്ഷമാണ്. കൃഷി പൂർണമായും നശിപ്പിച്ചതോടെ കർഷകരുടെ വരുമാനവും നിലച്ചു. ഇതോടെ കാർഷിക ജോലികൾ അവസാനിപ്പിച്ചതോടെ കൂലിപ്പണിക്കാർക്കും തൊഴിൽ നഷ്ടമായി. മിക്ക കർഷകരുടെയും പ്രധാന വരുമാനമാർഗം വാഴകൃഷിയാണ്.
ഞാലിപ്പൂവൻ, പാളയം തോടൻ, റോബസ്റ്റ, ഏത്തവാഴ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. ഇവ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർ വാഴകൃഷി പൂർണമായും ഉപേക്ഷിച്ചു. കൃഷിഭവൻ വഴി വാഴവിത്തുകൾ വിതരണം ചെയ്യുമ്പോഴും കർഷകർ വാങ്ങാൻ തയാറാകുന്നില്ല.
ഇരുട്ട് വീഴും മുമ്പ് വീട്ടിലെത്തി നാട്ടുകാർ
സന്ധ്യകഴിഞ്ഞാൽ തെരുവുകളിൽ ആന സാന്നിധ്യമുണ്ട്. ഇതിനാൽ ഇരുട്ടുന്നതിന് മുമ്പ് ആളുകൾ വീടുകളിലേക്ക് മടങ്ങുകയാണ്. വൈകീട്ട് ആറിന് ശേഷം പീരുമേട് ടൗണും വിജനമാണ്. ഇതോടെ വ്യാപാര സ്ഥാപനങ്ങളിൽ വൈകീട്ടുള്ള കച്ചവടവും നിലച്ചു.
8.30ന് മുമ്പ് കടകളും അടക്കുകയാണ്. തോട്ടാപ്പുര-കച്ചേരിക്കുന്ന്, പ്ലാക്കത്തടം, കരണ്ടകപ്പാറ-കുട്ടിക്കാനം റോഡുകളിൽ ആനയുടെ സാന്നിധ്യമുള്ളതിനാൽ ഇതുവഴി ഓട്ടോ ഓടിക്കാൻ ഡ്രൈവർമാരും ഭയക്കുകയാണ്. ആറിന് ശേഷം ഓട്ടോസ്റ്റാൻഡും നിശ്ചലമാകും.
സാമ്പത്തിക മേഖലക്കും കനത്ത തിരിച്ചടി
ആനശല്യം മൂലം വിവിധ മേഖലകളിലെ പണത്തിന്റെ ക്രയവിക്രയം കുറഞ്ഞത് സാമ്പത്തിക മേഖലയെ ബാധിച്ചു. പ്രദേശത്ത് നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. ഇങ്ങോട്ടുള്ള വഴികളിൽ ആനയുടെ സാന്നിധ്യം ഉള്ളതിനാൽ സഞ്ചാരികൾ രാത്രിയിൽ എത്തുന്നില്ല.
സർക്കാർ അതിഥി മന്ദിരത്തിന് ചുറ്റും ആനശല്യമാണ്. 2023 മാർച്ച് മുതൽ അഥിതി മന്ദിരത്തിന് പിന്നിലെ മരക്കൂട്ടം ആനകളുടെ താവളമാണ്. പകൽ ഇവിടെ തമ്പടിക്കുന്ന ആനകൾ രാത്രിയിൽ കൃഷിഭൂമിയിലേക്ക് ഇറങ്ങുകയാണ്. അതിഥി മന്ദിരത്തിന് മുന്നിൽ നിന്ന പനകൾ ആനകൾ മറിച്ചിട്ടു.
ഇതോടൊപ്പം പുതുതായി നിർമിച്ച ഇക്കോ ലോഡ്ജിലേക്കുള്ള വഴിയിലും തുറസ്സായ പ്രദേശത്തും ആനയെത്തി. രാത്രിയിൽ അതിഥി മന്ദിരത്തിൽ എത്തുന്നവരും ഭീതിയിലാണ്. അതിഥി മന്ദിരത്തിനും. ഐ.എച്ച്.ആർ.ഡി സ്കൂളിന്റെ ഗേറ്റിന് മുന്നിലും പനകൾ ആന മറിച്ചിട്ടത് ഇപ്പോഴും കിടക്കുകയാണ്. ഇത് ഭക്ഷിക്കാൻ രാത്രിയിൽ വീണ്ടും എത്തുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ഭീതിയിലാണ്.
ആനകളെ തുരത്തണമെന്ന് നാട്ടുകാർ
ആനകൾ നാട്ടിൽ ഭീതി പടർത്തുമ്പോൾ ഇവയെ തുരത്താനുള്ള നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനെ തുടർന്ന് വനാതിർത്തിയിൽ ഹാങ്ങിങ് വൈദ്യുതി ഫെൻസിങ് നിർമിച്ചു വരികയാണ്. കൃത്യമായ പരിപാലനം ഇല്ലെങ്കിൽ ഫെൻസിങ് നിലനിൽക്കുകയില്ലെന്ന ആശങ്കയുമുണ്ട്.
വനത്തിൽനിന്ന് ജനവാസ മേഖലകളിലേക്ക് ആന കടന്നുവരുന്ന മേഖലകളിൽട്രഞ്ച് നിർമിക്കുകയാണ് ശാശ്വത പരിഹാരമെന്നും പ്രദേശവാസികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.