ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ഇറങ്ങി കാട്ടാനകൾ
text_fieldsപ്രതീകാത്മക ചിത്രം
പീരുമേട്: മൂന്ന് പഞ്ചായത്തുകളുടെ പരിധിയിൽ കാട്ടാനകൾ നാശംവിതക്കുന്നു. ഒരു കൊമ്പൻ, പിടിയാന, കുട്ടിയാന എന്നിവയടങ്ങുന്ന സംഘമാണ് പീരുമേട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും പെരുവന്താനം പഞ്ചായത്തിലെ കൊക്കയാർ എന്നിവിടങ്ങളിലടക്കം നാളുകളായി നാശം വിതക്കുന്നത്.
തിങ്കളാഴ്ച രാത്രി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ രാജമുടിയിലെ കൃഷിഭൂമികളിലും ആനകൾ ഇറങ്ങി. ജൂലൈ ആദ്യവാരം ഇവ പീരുമേട് സർക്കാർ അതിഥി മന്ദിരം, ട്രഷറി ഓഫിസ് പരിസരം എന്നിവിടങ്ങളിൽ കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് തോട്ടാപ്പുര ഭാഗത്തേക്ക് മാറി. ഇവിടെയും കൃഷി വ്യാപകമായി നശിപ്പിച്ചു. ജൂലൈ മധ്യത്തോടെ കല്ലാർ മേഖലയിലേക്ക് നീങ്ങിയ ആനകൾ ഇവിടെയും വ്യാപകനാശം സൃഷ്ടിച്ചു. കല്ലാറ്റിൽനിന്ന് പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം എത്തി ഇവിടെനിന്ന് രാജമുടിയിലേക്ക് എത്തുകയായിരുന്നു.
ദിവസവും രാത്രിയിൽ പ്ലാക്കത്തടം കോളനിയിൽ ആനകൾ എത്തി കൃഷി നശിപ്പിക്കുന്നുണ്ട്. ജൂലൈ അവസാനവാരം പകലും തോട്ടാപ്പുര സൂചിക്കുന്ന് മലയിൽ പത്ത് ആനകൾ കൂട്ടമായി എത്തി. തോട്ടാപ്പുര, കുട്ടിക്കാനം കരണ്ടകപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെ ജനവാസമേഖലകളിൽ കടന്നുകൂടിയ ആനക്കൂടം വിവിധ മേഖലകളിലെ കൃഷിഭൂമിയിൽ എത്തുകയാണ്.
ഒരിക്കലും ആനകൾ എത്തുകയില്ലെന്ന് കരുതിയ ജനവാസ മേഖലകളിലാണ് അപ്രതീക്ഷമായി എത്തുന്നതും നാശം വിതക്കുന്നതും. രാത്രിയിൽ ഏത് സമയവും ആനകൾ എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ഒരിക്കൽ ആന എത്തിയ പ്രദേശങ്ങളിൽ സന്ധ്യക്ക് ശേഷം വഴി നടക്കാനും ആളുകൾ ഭയപ്പെടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.